പ്രചാരണത്തിന് പിന്നിൽ ചില നിക്ഷിപ്ത താൽപര്യക്കാർ; പാലത്തായി കോടതി വിധിയിൽ തനിക്കെതിരെ പരാമര്‍ശമില്ലെന്ന് ശൈലജ

അന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബത്തിനൊപ്പമാണ് നിന്നതെന്നും എംഎല്‍എ

കോഴിക്കോട്: കണ്ണൂര്‍ പാലത്തായില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്ന സമയം ഇടപെട്ടില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് കെകെ ശൈലജ എംഎല്‍എ. കേസില്‍ ബിജെപി നേതാവായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിച്ചിരുന്നു. കോടതിയുടെ വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും ചില നിക്ഷിപ്ത താൽപര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നുമാണ് എംഎല്‍എ പ്രതികരിച്ചത്. അന്വേഷണത്തിലെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബത്തിനൊപ്പമാണ് നിന്നതെന്നും എംഎല്‍എ കണ്ണൂരില്‍ പറഞ്ഞു.

പെണ്‍കുട്ടിയെ കൗണ്‍സില്‍ ചെയ്തവര്‍ മോശമായി പെരുമാറിയെന്ന പരാതിയിലാണ് അന്ന് മന്ത്രിയായിരുന്ന കെ കെ ശൈലജ ഇടപെട്ടില്ലെന്ന തരത്തില്‍ പ്രചാരണം നടക്കുന്നത്. കൗണ്‍സിലിങ് ചെയ്തവര്‍ക്കെതിരെ മന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നടപടി സ്വീകരിച്ചില്ലെന്ന് വിധി ന്യായത്തിലുണ്ടെന്നും പ്രചാരണമുണ്ട്. കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും ഉചിതമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിധിന്യായത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂരിലെ പാലത്തായിലുള്ള പത്തുവയസുകാരിയെ പ്രതി സ്‌കൂളിനകത്തും പുറത്തും വച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. പോക്‌സോ കുറ്റങ്ങളില്‍ നാല്‍പത് വര്‍ഷമാണ് തടവുശിക്ഷ. പരമാവധി 20 വര്‍ഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.

Content Highlights: KK Shailaja reponse on Criticism over Palathayi Case

To advertise here,contact us