പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടില്ല; പ്രതിസന്ധിയിൽ പ്രാദേശിക ഘടകം

കണ്ണാടി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന വനിതാ നേതാവിന്‍റെ പേരാണ് വോട്ടർ പട്ടികയിലില്ലാത്തത്

കണ്ണാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാനിരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥിയുടെ പേര് വോട്ടർ പട്ടികയിലില്ല. കണ്ണാടി പഞ്ചായത്തിലെ ആറാം വാർഡായ ഉപ്പുംപാടത്തുനിന്ന് മത്സരിക്കാനിരിക്കുന്ന സിപിഐഎം വനിതാസ്ഥാനാർത്ഥിയുടെ പേരാണ് വോട്ടർ പട്ടികയിൽ ഇല്ലാത്തത്.

കരട് വോട്ടർപട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നെന്നും അന്തിമപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എൽഡിഎഫ് കണ്ണാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ എസ് ബോസ് പറഞ്ഞു.

അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ കണ്ണൂർ ആന്തൂരിൽ സിപിഐഎം സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രാദേശിക ഘടകത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. ഇതിനിടെയാണ് പാലക്കാടും സ്ഥാനാർത്ഥിക്ക് വോട്ടില്ലെന്ന വിവരം പുറത്തുവരുന്നത്. ആന്തൂർ നഗരസഭയിലെ ബക്കളം ഡിവിഷനിലേക്കുള്ള ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മാററ്റിയത്. ടി വി പ്രേമരാജനെയാണ് പുതിയ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിച്ചത്.

കോഴിക്കോട് മേയർ സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്ന വി എം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ലാത്തതും മുട്ടടയിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ എസ് എലിനെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതും വിവാദമായിരുന്നു.

Content Highlights: CPIM candidate contesting in Palakkad in the local body elections is not in the voter list

To advertise here,contact us