കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരം വിജയം കണ്ടില്ലെങ്കില് തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകന് എം എന് കാരശേരി. സമരക്കാര് പൊരുതുന്നത് പണത്തോടാണെന്നും അക്രമം നടത്തിയത് ആരെന്ന് കണ്ടെത്തേണ്ടത് പൊലീസിന്റെ പണിയാണെന്നും എം എന് കാരശേരി പറഞ്ഞു. 'ബാഹ്യ ശക്തികള് എന്ന് പറഞ്ഞാല് പോര. കുറ്റവാളികളെ കണ്ടെത്താന് കഴിയാത്ത പൊലീസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവില് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലീസ് നരനായാട്ടില് മുഖ്യമന്ത്രി മറുപടി പറയണം': എം എന് കാരശേരി പറഞ്ഞു.
പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരിൽനിന്നുണ്ടായതെന്നും യതീഷ് ചന്ദ്ര ആരോപിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ ഫ്രഷ്കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.
ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
Content Highlights: If the Fresh Cut strike is not successful, the elections should be boycotted: MN Karassery