കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സദസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത യുഡിഎഫ് പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം അപലപനീയവും പ്രതിഷേധകരവും ആണെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കി. പരിപാടി ലൈവായി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് റിപ്പോർട്ടർ ചാനലിലെ ചീഫ് റിപ്പോർട്ടർ എ കെ അഭിലാഷിനെ ഒരുസംഘം ആളുകൾ മർദിച്ചത്.
റിപ്പോർട്ടർ ചാനലിലെ ചീഫ് റിപ്പോർട്ടർ സാനിയോ മനോമിയെ അസഭ്യം പറയുകയും ബലം പ്രയോഗിച്ച് ഫോൺ പിടിച്ചെടുക്കാനും ശ്രമമുണ്ടായി. കാമറാമാൻ ഷനിൽ കണ്ണൻ, ഡ്രൈവർ സുബിൻ എന്നിവർക്കുനേരെയും കയ്യേറ്റമുണ്ടായി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമം ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. അക്രമത്തിൽ യൂണിയൻ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത്തരം നിലപാടുകൾ രാഷ്ട്രീയ പാർട്ടികൾ തിരുത്തണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദും സെക്രട്ടറി പി കെ സജിതും പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെയാണ് പൊലീസിനെതിരെ സംഘടിച്ച പ്രവർത്തകർ മാധ്യമപ്രവർത്തകർക്ക് നേരെയും തിരിഞ്ഞത്. റിപ്പോർട്ടർ വാർത്താസംഘത്തിന് നേരെയുണ്ടായ കയ്യേറ്റശ്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. മുഖം നഷ്ടപ്പെട്ട ഒരു കൂട്ടം നേതാക്കളാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും അവർ എന്തും ചെയ്യുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും വി വസീഫ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യത്തെ സംഭവമല്ല. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ഷാഫി-രാഹുൽ ടീമാണ്. അവർക്കെതിരെ എന്ത് വാർത്ത നൽകിയാലും കായികമായി നേരിടും എന്ന് പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വി വസീഫ് വ്യക്തമാക്കിയിരുന്നു.
പേരാമ്പ്ര സികെജെ കോളേജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് പേരാമ്പ്രയിൽ വെള്ളിയാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇതിൽ യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഹർത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മർദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താൻ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേർക്കുനേർ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ ഷാഫി പറമ്പിലിനും കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎസ്പി ഉൾപ്പെടെ പൊലീസുകാർക്കും പരിക്കേറ്റു.
ഷാഫിയുടെ മൂക്കിന് സാരമായ പരിക്കേറ്റെന്നാണ് ചികിത്സയിൽ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയെന്നും ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
ഷാഫിക്ക് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയത്. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.
Content Highlights: kuwj against UDF workers who assaulted journalists in Perambra