മലപ്പുറം: മുന് മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മലയാളസര്വകലാശാലയ്ക്ക് വേണ്ടി 2016ല് യുഡിഎഫ് ഏറ്റെടുത്ത ഭൂമിയാണെങ്കില് 2019ല് ഏത് ഭൂമി ഏറ്റെടുക്കാനാണ് സുപ്രീം കോടതി അനുമതി നല്കിയതെന്ന് പി കെ ഫിറോസ് ഫേസ്ബുക്കില് കുറിച്ചു. മലയാളസര്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കാന് സുപ്രീംകോടതി അനുമതി നല്കിയ, 2019ല് കെ ടി ജലീല് പങ്കുവെച്ച വാര്ത്ത ചൂണ്ടിക്കാട്ടിയാണ് ഫിറോസിന്റെ കുറിപ്പ്.
'അനുമതി കിട്ടിയ വിവരം എന്തിനാണ് ജലീല് വലിയ ആഘോഷമാക്കി മാലോകരെ അറിയിച്ചത്? പല നാള് കള്ളന് ഒരു നാള് പിടിയില് എന്നാണ് സാധാരണ പറയാറുള്ളത്. ഇതിപ്പോള് പല നാള് കള്ളന് പല നാള് പിടിയിലാകുകയാണല്ലോ', എന്നും ഫിറോസ് പരിഹസിച്ചു. താന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്തല്ല മലയാളസര്വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതെന്ന് കെ ടി ജലീല് പറഞ്ഞിരുന്നു. ഉമ്മന്ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2016 ഫ്രെബ്രുവരി 17നാണ് ഭൂമി ഏറ്റെടുത്തതെന്നായിരുന്നു കെ ടി ജലീല് പറഞ്ഞത്. ഇതിലാണ് ഫിറോസിന്റെ പ്രതികരണം.
അതേസമയം ഫിറോസിനെതിരായ കെ ടി ജലീലിന്റെ ആരോപണങ്ങള്ക്ക് ഫിറോസ് തന്നെ മറുപടി നല്കുമെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. കാര്യങ്ങള് പി കെ ഫിറോസ് തന്നെ വ്യക്തവും വ്യവസ്ഥാപിതവുമായ രേഖകള് വച്ച് സമര്ത്ഥിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങള് പ്രതികരിച്ചു.
ജനങ്ങള്ക്ക് മനസ്സിലായിട്ടുണ്ടെന്നും അതില് കൂടുതല് പറയാനില്ലെന്നും ശിഹാബ് തങ്ങള് കൂട്ടിച്ചേര്ത്തു. മുതിര്ന്ന നേതാക്കള് പ്രതികരിക്കേണ്ടതിന്റെ ആവശ്യമില്ല. ഈ ആരോപണത്തിന് ഫിറോസ് തന്നെ മതിയെന്നും ശിഹാബ് തങ്ങള് പറഞ്ഞു. ഫിറോസ് ഉന്നയിക്കുന്ന തുഞ്ചത്തെഴുത്തച്ഛന് മലയാള സര്വകലാശാല ആരോപണം എന്തുകൊണ്ടാണ് മുസ്ലിം ലീഗ് ഏറ്റെടുക്കാത്തതെന്ന് മന്ത്രി കെ ടി ജലീല് ചോദിച്ചിരുന്നു. പിന്നാലെയായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
Content Highlights: P K Firos against K T Jaleel on Malayalam University controversy