മലപ്പുറം: മലയാളം സര്വകലാശാല ഭൂമി ഇടപാടില് പങ്കില്ലെന്ന് കെ ടി ജലീല് പറഞ്ഞാല് അദ്ദേഹം ഇടപെട്ട രേഖകള് പുറത്തുവിടുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ്. ജലീലിന്റെ നേതൃത്വത്തില് നടന്നത് വന് സാമ്പത്തിക തിരിമറിയാണെന്നും സര്ക്കാര് ചെലവാക്കിയ പതിനേഴ് കോടിയോളം രൂപ ജലീലില് നിന്നും സര്ക്കാര് ഈടാക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു. സര്വകലാശാലയ്ക്ക് വേണ്ടി സര്ക്കാര് ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില് ചിലര് മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണെന്നും ഭൂമി ഇടപാടില് കെ ടി ജലീലിന് കമ്മീഷന് ലഭിച്ചു, അദ്ദേഹമത് നിഷേധിച്ചാല് തെളിവുകള് പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി.
'മലയാളം സര്വ്വകലാശാലയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് 2019-ലാണ്. ഈ ഭൂമി ആരുടെയൊക്കെ ഉടമസ്ഥതയിലാണ് എന്ന് പരിശോധിക്കുമ്പോഴാണ് ഇതിനകത്തെ അഴിമതിയുടെ ആദ്യത്തെ ലക്ഷണങ്ങള് കാണാന് സാധിക്കുന്നത്. ഹബീബ് റഹ്മാന് അഭയം, അബ്ദുള് ജലീല് പന്നിക്കണ്ടത്തില്, ജംഷീദ് റഫീഖ്, മുഹമ്മദ് കാസിം അഭയം, യാസിര്, അബ്ദുസലാം പന്നിക്കണ്ടത്തില്, ഇംജാസ് മുനവര്, അബ്ദുള് ഗഫൂര് പന്നിക്കണ്ടത്തില്, മുഹമ്മദ് കാസിം എന്നിവരുടെ കയ്യില് നിന്നാണ് സര്ക്കാര് ഭൂമി ഏറ്റെടുത്തത്. ഇവരില് ചിലര് മന്ത്രി വി അബ്ദുറഹിമാന്റെ സഹോദരന്റെ മക്കളാണ്. ഭൂമി ഏറ്റെടുത്ത സമയത്ത് തന്നെ യൂത്ത് ലീഗ് ഇത് അതീവ ദുര്ബല പ്രദേശമാണെന്നും ഇവിടെ നിര്മ്മാണം നടക്കില്ലെന്നും പറഞ്ഞതാണ്. കണ്ടല് കാടുകള് ഒഴിവാക്കി ഏറ്റെടുത്തു എന്നായിരുന്നു അന്ന് ജലീല് പറഞ്ഞത്.
17 കോടി 65 ലക്ഷം രൂപയാണ് സര്ക്കാര് ഭൂമിക്ക് കൊടുത്തത്. ഇതിനെല്ലാം നേതൃത്വം കൊടുത്തത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ്. 20,000 മുതല് 40,000 വരെയുളള ഭൂമി സെന്റിന് ഒരുലക്ഷത്തിന് മുകളില് കൊടുത്ത് സര്ക്കാര് വാങ്ങി. 1,60,000 രൂപയ്ക്കാണ് ഓരോ സെന്റും വാങ്ങിയത്. കെ ടി ജലീലിന്റെ നേതൃത്വത്തില് നടന്നത് വന് സാമ്പത്തിക തിരിമറിയാണ്. സര്ക്കാര് ചെലവാക്കിയ 17 കോടിയോളം രൂപ ജലീലില് നിന്നും സര്ക്കാര് ഈടാക്കണം. ജലീലിന് ഒരു പങ്കുമില്ലെന്ന് ജലീല് പറഞ്ഞാല് അദ്ദേഹം ഇടപെട്ട രേഖകള് പുറത്തുവിടും. ഭൂമിയില് നിര്മ്മാണം നടക്കുമെന്ന് അന്ന് ജലീല് പറഞ്ഞതാണ്. ഇതുവരെ ആയിട്ട് ഒന്നും തുടങ്ങിയില്ല. ഭൂമി ഇടപാടില് കെ ടി ജലീലിന് കമ്മീഷന് ലഭിച്ചു. അത് അദ്ദേഹം നിഷേധിച്ചാല് തെളിവുകള് പുറത്തുവിടും': പി കെ ഫിറോസ് പറഞ്ഞു.
2026-ല് ജനകീയ സര്ക്കാര് അധികാരത്തില് വന്നാല് കെ ടി ജലീലിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും അദ്ദേഹത്തിന്റെ ആരോപണത്തില് അന്വേഷണം നടക്കട്ടെയെന്നും പി കെ ഫിറോസ് പറഞ്ഞു. സംസ്ഥാന സര്ക്കാര് അന്വേഷിക്കട്ടെയെന്നും തെരഞ്ഞെടുപ്പില് മത്സരിച്ചപ്പോള് ഒന്നും മറച്ചുവെച്ചിട്ടില്ല. മുസ്ലിം ലീഗില് ഒരു പോറല് ഏല്പ്പിക്കാനും ജലീലിന് കഴിയില്ല. യുകെ കാനഡ ഒക്കെ വിസയുണ്ടെന്ന് ട്രോളായി പറഞ്ഞതാണ്. അത് ചില മാധ്യമങ്ങള് വാര്ത്തയാക്കിയെന്നും ഫിറോസ് കൂട്ടിച്ചേര്ത്തു.
Content Highlights: will release documents if kt Jaleel says he isnt involved in Malayalam University land deal: PK Firos