കൊച്ചി: ആഗോള അയ്യപ്പസംഗമത്തില് ഹൈക്കോടതിയുടെ നിര്ദേശങ്ങള് പാലിക്കാതെ ദേവസ്വം ബോര്ഡ്. അയ്യപ്പ സംഗമ ദിവസം വെര്ച്വല് ക്യൂ സ്ലോട്ട് അഞ്ചില് ഒന്നായി കുറയ്ക്കുകയും 19, 20 തീയതികളില് പതിനായിരം ഭക്തര്ക്ക് മാത്രം പ്രവേശനമായി ചുരുക്കുകയും ചെയ്തു. മാസപൂജകള്ക്കായി സാധാരണ അനുവദിച്ചിരുന്നത് 50,000 സ്ലോട്ടുകളായിരുന്നു. നിലവില് അനുവദിച്ചിരിക്കുന്ന പതിനായിരം സ്ലോട്ടുകളില് 20-ാം തീയതി 1300ഓളം സ്ലോട്ടുകള് മാത്രമാണ് ബാക്കിയുള്ളത്.
അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുത് എന്ന കര്ശന നിര്ദേശം ഹൈക്കോടതി മുന്നോട്ട് വച്ചിരുന്നു. ഇതിനിടെയാണ് അയ്യപ്പ സംഗമത്തിനെത്തുന്ന പ്രതിനിധികള്ക്ക് ദര്ശനമൊരുക്കാന് ഭക്തര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയത്. എന്നാല് മാസപൂജകള്ക്ക് 10,000ല് കൂടുതല് ഭക്തര് എത്തില്ല എന്നാണ് സംഭവത്തില് ദേവസ്വം ബോര്ഡിന്റെ വിശദീകരണം.
പമ്പാ തീരത്ത് ഈ മാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
Content Highlight; Global Ayyappa Sangamam; Devaswom Board violates High Court order