മലയാളസർവകലാശാല ഭൂമി ഏറ്റെടുക്കൽ; ഫിറോസ് ചോദ്യങ്ങൾ ചോദിക്കേണ്ടത് അബ്ദുറബ്ബിനോട്; ആരോപണം തിരിച്ചുവിട്ട് ജലീൽ

കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന മേഖല ഇടതുപക്ഷമാണ് പിന്നീട് ഒഴിവാക്കിയതെന്നും കെ ടി ജലീൽ

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസര്‍വകലാശാല ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി മുൻ മന്ത്രി കെ ടി ജലീല്‍. താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്തല്ല മലയാളസര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2016 ഫ്രെബ്രുവരി 17നാണ് ഭൂമി ഏറ്റെടുത്തത്. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന മേഖല ഇടതുപക്ഷമാണ് അന്ന് ഒഴിവാക്കിയത്. തിരൂര്‍ മലയാളസര്‍വകലാശാലയ്ക്കായി ഒരു തരത്തിലുള്ള അഴിമതിയും കമ്മീഷനും ഉണ്ടായിട്ടില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന മേഖല ഇടതുപക്ഷമാണ് ഒഴിവാക്കിയത്. നിര്‍മ്മാണ അനുമതി ഇല്ലാത്തതുകൊണ്ടല്ല അവിടെ നിര്‍മ്മാണം തുടങ്ങാത്തത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാലാണ്. എംഎല്‍എമാര്‍ താല്‍പര്യം എടുക്കണം എന്നും കെ ടി ജലീല്‍ പറഞ്ഞു. താന്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് ഫിറോസ് ആരോപിക്കുന്ന തെളിവുകള്‍ പുറത്തുവിടട്ടെയെന്നും വെല്ലുവിളിക്കുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

ഫിറോസ് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പികെ അബ്ദുറബ്ബിനോടാണ്. ഫിറോസ് വിഷയത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ നിലപാട് പറയട്ടെ. ബ്ലൂഫിന്‍ കമ്പനിയില്‍ പങ്കാളിത്തമുണ്ടോ എന്ന് ഫിറോസ് വ്യക്തമാക്കണം. ബ്ലൂഫിന്‍ ടൂറിസം എല്‍എല്‍സി എന്ന കമ്പനി കൂടി ദുബൈയില്‍ പ്രവര്‍ത്തിക്കുന്നു. മുഹമ്മദ് അഷ്‌റഫ് വെള്ളടത്ത് ആണ് പാര്‍ട്ണര്‍. കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്റെ പാര്‍ട്‌നര്‍ കൂടിയാണ് അഷ്‌റഫ്. സൈനുദ്ദീന്‍ പിലാത്തേത്ത് മറ്റൊരു ഉടമ. രണ്ട് അറബികളും ഉടമകള്‍. ഇതിലെ ഫിറോസിന്റെ പങ്ക് വ്യക്തമാക്കണം. ബ്ലൂഫിന്‍ ട്രാവല്‍ ഏജന്‍സിയും ബ്ലൂഫിന്‍ വില്ലാ പ്രൊജക്ട് എന്നീ കമ്പനികള്‍ കേരളത്തിലുമുണ്ട്. പി കെ ഫിറോസിനെതിരെ വിജിലന്‍സിനും ഇന്‍കം ടാക്സിനും രേഖ മൂലം പരാതി കൊടുത്തതായും കെ ടി ജലീല്‍ പറഞ്ഞു.

Content Highlights: Acquired the land for Malayalam University when Oommen Chandy was the Chief Minister said k t jaleel

To advertise here,contact us