തൃശൂരിലെ പൂങ്കുന്നത്ത് കള്ളവോട്ട് ചേർത്തെന്ന് പരാതി; ഫ്ലാറ്റിൽ ഒമ്പത് വോട്ടുകൾ, ഇവരൊക്കെ ആരെന്ന് അന്തേവാസി

നാലുവർഷമായി പ്രസന്നയെന്ന സ്ത്രീ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. പക്ഷേ ഒമ്പത് വോട്ടുകൾ ഉള്ളതായി അവർക്ക് അറിവില്ല

തൃശൂർ: പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് ഫ്ലാറ്റിൽ ഒമ്പത് വോട്ടുകൾ കള്ളവോട്ട് ചേർത്തുവെന്ന് പരാതി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി മണ്ഡലത്തിലില്ലാത്തവരെ കൊണ്ട് വന്ന് ചേര്‍ത്തെന്ന ആരോപണം എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നതിനിടയിലാണ് ഇക്കാര്യം പൂങ്കുന്നത്തെ കള്ളവോട്ട് പരാതി.

നിലവിൽ ഒമ്പത് പേരും ഫ്ലാറ്റിൽ ഇല്ല. മുപ്പതാം നമ്പർ ബൂത്തിൽ മൂന്ന് ഫ്ലാറ്റുകളിൽ ക്രമക്കേട് നടന്നതായും പരാതിയുണ്ട്. നാലുവർഷമായി പ്രസന്നയെന്ന സ്ത്രീ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. പക്ഷേ ഒമ്പത് വോട്ടുകൾ ഉള്ളതായി അവർക്ക് അറിവില്ല. അവരുടെ മേൽവിലാസത്തിൽ ലിസ്റ്റിലുള്ള ഒമ്പതുപേരെ അറിയില്ലെന്ന് പ്രസന്ന റിപ്പോർട്ടറിനോട് പറഞ്ഞു.

ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ വി എസ് സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച് നേരത്തെ പരാതി കൊടുത്തിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥികൂടിയായിരുന്ന വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നും വി എസ് സുനിൽ കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിഷയത്തിൽ സ്വതന്ത്ര്യ അന്വേഷണം അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കളക്ടർക്ക് ഇക്കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായെന്നും ജോസഫ് ടാജറ്റും പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയും കുടുംബവും സുഹൃത്തുക്കളും വോട്ട് ചേർത്തു. നെട്ടിശ്ശേരിയിലെ അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ 11 വോട്ടുകളാണ് ചേർത്തതെന്നും എന്നാൽ ഇപ്പോൾ ആവീട്ടിൽ താമസക്കാരില്ലെന്നും ജോസഫ് ആരോപിച്ചിരുന്നു.

Content Highlights: Complaint alleges nine votes were added to fake votes in Capital Village flat at thrissur

To advertise here,contact us