കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില് സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല് സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്കൂളിൻ്റെ മാനേജര്ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര് നടപടി ആവശ്യപ്പെട്ട് കത്ത് നല്കി. 24 മണിക്കൂറിനകം സസ്പെന്ഷന് അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സര്ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്ശം ടി കെ അഷ്റഫ് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയെന്ന് കത്തില് ചൂണ്ടികാട്ടി. ടി കെ അഷ്റഫിന്റെ കത്തും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്ത്തിട്ടുണ്ട്. കായികാധ്യാപകരെ നിയമിച്ച് കുട്ടികള്ക്ക് കായിക പരിശീലനം നല്കാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ടി കെ അഷ്റഫിന്റെ വാദം.
'യോജിക്കാന് കഴിയാത്ത ആളുകളില് പോലും സൂംബ അടിച്ചേല്പ്പിക്കുകയാണ്. കുട്ടികളെ സംസ്കാര സമ്പന്നരായി വളര്ത്തുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ലഹരി ഉപയോഗിക്കരുത്. സൂംബ ഡാന്സ് പഠിക്കാന് കുട്ടികള്ക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളില് നമുക്ക് ഉള്ക്കൊള്ളാന് കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കള്ച്ചറിലേക്ക് കൊണ്ടുപോകരുത്. സ്കൂളില് അയക്കുന്നതിന് ഇതിന് വേണ്ടിയല്ല. മുതിര്ന്ന ആണ്കുട്ടികളും പെണ്കുട്ടികളും ഒരുമിച്ച് നിന്ന് അല്പവസ്ത്രം ധരിച്ച് ഡാന്സ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാന്സും വെച്ച് അല്പ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളര്ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള് ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാല് ഡിജെ പാര്ട്ടിയിലേക്കും ലഹരിപ്പാര്ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്ച്ചറിനോടും താല്പര്യമില്ല' എന്നാണ് വിഷയത്തില് ടി കെ അഷ്റഫ് റിപ്പോര്ട്ടറിനോട് പ്രതികരിച്ചത്.
Content Highlights: Zumba Controversy Education Department seeking action against TK Ashraf