ഹാരിസ് മികച്ച ഡോക്ടര്‍; 'കുനിഷ്ട്' ഉള്ളതായി തോന്നുന്നില്ലെന്ന് ബിനോയ് വിശ്വം

സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറാണ് ഹാരിസെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നും പക്ഷേ അദ്ദേഹം മികച്ച ഡോക്ടറാണെന്ന് നിരവധിപേര്‍ പറഞ്ഞെന്നും ബിനോയ് വിശ്വം പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടറാണ് ഹാരിസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ നേരെയാകണം എന്ന ബോധ്യത്തോടെയാണ് പറഞ്ഞത്. അതായിരിക്കണം ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ക്ക് 'കുനിഷ്ട്' ഉള്ളതായി തോന്നുന്നില്ലെന്നും സര്‍വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഹാരിസിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല.

ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജി ആര്‍ അനിലും ഹാരിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന് ഡോക്ടര്‍ വടി കൊടുത്തുവെന്ന് മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സംവിധാനം മോശമാണെന്ന പ്രചരണം ഉണ്ടായെന്നും ജി ആര്‍ അനില്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 'ഇത് ഒഴിവാക്കാമായിരുന്നു. ചെറിയ പിഴവ് കേരളത്തിന്റെ പൊതു ചിത്രമായി അവതരിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഡോക്ടര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചെയ്തത് തെറ്റ്', ജി ആര്‍ അനില്‍ പറഞ്ഞു.

എന്നാല്‍ താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. താന്‍ സൂചിപ്പിച്ച പ്രശ്നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കരുതെന്നും സമരക്കാര്‍ പിന്‍മാറണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു. സമരങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ മെഡിക്കല്‍ കോളേജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെ ആരോഗ്യവകുപ്പ് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

Content Highlights: Binoy Viswam supports Dr Haris Chirackal

To advertise here,contact us