നിലമ്പൂരിൽ പി വി അൻവ‍ർ സ്വതന്ത്ര സ്ഥാനാർത്ഥി; തൃണമൂലിൻ്റെ പേരിൽ മത്സരിക്കാനുള്ള പത്രിക തള്ളി

തനിക്കൊപ്പം നിലമ്പൂരുകാർ എന്നും നിൽക്കുമെന്നും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ

മലപ്പുറം: തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പി വി അൻവർ നൽകിയ നാമനിർ‌ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺ​ഗ്രസ് പശ്ചിമ ബം​ഗാളിൽ രജിസ്റ്റർ ചെയ്ത സംസ്ഥാന പാർട്ടിയായതിനാലാണ് തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നിലമ്പൂരിൽ മത്സരിക്കാൻ കഴിയുക.

പിണറായിസത്തിനെതിരായാണ് പോരാട്ടം. തനിക്കൊപ്പം നിലമ്പൂരുകാർ എന്നും നിൽക്കുമെന്നും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അൻവർ പ്രതികരിച്ചു. ജനങ്ങൾ കാത്തിരിക്കുന്നത് വോട്ടു ചെയ്യാനാണെന്നും അൻവ‍ർ ചൂണ്ടിക്കാണിച്ചു. അതിനാൽ പി വി അൻവർ ഏത് ചിഹ്നത്തിൽ മത്സരിക്കുന്നു എന്നതിൽ കാര്യമില്ല എന്നും അൻവർ വ്യക്തമാക്കി. ​ഗൂഢാലോചനയുടെ ഭാ​ഗമായി അട്ടിമറി നടക്കുമെന്ന് ഭയന്നിരുന്നു. അതിനാലാണ് സൂക്ഷ്മപരിശോധന നടക്കുമ്പോൾ എത്തിയതെന്നും അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പി വി അൻവർ കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പ്രകടനമായി നിലമ്പൂർ താലൂക്ക് ഓഫീസിലെത്തിയാണ് അൻവർ പത്രിക സമർപ്പിച്ചത്.

പുതിയ മുന്നണി രൂപീകരിക്കുന്നതായി പി വി അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പുതിയ മുന്നണിയുടെ പേരെന്നും അൻവർ വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവർത്തനം.

Content Highlights: PV Anvar is an independent candidate in Nilambur

To advertise here,contact us