'ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം'; കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാർ

'സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയ്യാറാകണം'

കോഴിക്കോട്: അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈകൊള്ളണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോകുന്ന ദുരവസ്ഥയാണെന്നും എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയ്യാറാകണം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പിന്തുണ നല്‍കാന്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ തയ്യാറാകണമെന്നും ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടു.

വൈഷ്ണവ ഭിക്ഷു ചിന്‍മോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ മാസം 25ന് പൊലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കല്‍ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്. അതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധമാണ് പലയിടങ്ങളിലും വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായിരിക്കുന്നത്.

Also Read:

International
'ഇസ്കോൺ' സന്ന്യാസിമാർക്കെതിരായ നടപടി; ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധം വഷളാകുന്നു

ഇസ്കോൺ സന്ന്യാസിമാർക്കെതിരായ നടപടികളെ തുടർന്നാണ് ഇന്ത്യ-ബം​ഗ്ലാദേശ് നയതന്ത്രബന്ധം വഷളാകുന്നത്. രണ്ട് സന്യാസിമാരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ വിശദീകരണം ഉചിതമല്ലെന്ന് ഇന്ത്യ ബം​ഗ്ലാദേശിനെ അറിയിച്ചിരുന്നു. പ്രതിഷേധത്തിൻ്റെ ഭാ​ഗമായ ഇസ്കോൺ അം​ഗങ്ങളുടെ തിരോധാനം ആശങ്ക ഉണ്ടാക്കുന്നതെന്നും ന്യൂന പക്ഷങ്ങൾക്കെതിരായി ബം​ഗ്ലാദേശിൽ നടക്കുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമെന്നും ഇന്ത്യ നിലപാട് അറിയിച്ചിരുന്നു.

Content Highlights: AP Abubakar Musliar wants to protect minorities in Bangladesh

To advertise here,contact us