കപ്പലുകളെ തകര്ക്കുന്ന ബോംബുകള് കണ്ടെത്തും; 'മാരീച്' നേവിക്ക് കെെമാറി, കെല്ട്രോണിന് പ്രശംസ

കഴിഞ്ഞ 25 വര്ഷങ്ങളായി ഇന്ത്യന് പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെന്സ് ഇലക്ട്രോണിക്സ് സംവിധാനങ്ങള് കെല്ട്രോണ് നിര്മ്മിച്ചു നല്കുന്നുണ്ട്.

icon
dot image

കൊച്ചി: യുദ്ധക്കപ്പലുകളിലെ പ്രതിരോധ സംവിധാനമായ മാരീച് നേവിക്ക് കൈമാറിയതില് കെല്ട്രോണിന് പ്രശംസ. കപ്പലുകളെ തകര്ക്കുന്ന ബോംബുകള് കണ്ടെത്താനും അവയെ ആശയക്കുഴപ്പത്തിലാക്കി വഴിതിരിക്കാനും കഴിവുള്ള കപ്പലുകളില് ഉപയോഗിക്കുന്ന സംവിധാനമാണിത്. മൂന്നെണ്ണമാണ് അരൂരിലെ കെല്ട്രോണ് യൂണിറ്റില് നിന്നും വിശാഖപട്ടണത്തേക്ക് അയച്ചത്. തുടര്ന്ന് നാവികമേഖലയുടെ ദക്ഷിണമേഖലാ കമാന്റ് മേധാവി വൈസ് അഡ്മിറല് ബി ശ്രീനിവാസ് കെല്ട്രോണ് കേന്ദ്രത്തില് നേരിട്ടെത്തുകയും കെല്ട്രോണിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിക്കുകയുമായിരുന്നു. ഇക്കാര്യം വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇന്ത്യന് നാവികസേനയുടെ ആറ് കപ്പലുകളിലായി സ്ഥാപിക്കാനിരിക്കുന്ന പതിനൊന്ന് മാരീച് ടോഡ് അറെ നിര്മ്മിക്കാനുള്ള 48.4 കോടി രൂപയുടെ ഓര്ഡര് അരൂരിലുള്ള കെല്ട്രോണ് കണ്ട്രോള്സ് നേടിയിരുന്നു. ഇന്ന് കൈമാറിയ 3 എണ്ണമുള്പ്പെടെ 5 എണ്ണം ഇതിനോടകം നാം കൈമാറിക്കഴിഞ്ഞു. മൂന്നു വര്ഷ കാലയളവില് പൂര്ത്തീകരിക്കേണ്ട ജോലിയാണിത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് മാരീച് റഫറല് സംവിധാനത്തിന്റെ അത്യാധുനിക സെന്സറുകള് നിര്മ്മിച്ച് നല്കിയിരിക്കുന്നത് കുറ്റിപ്പുറത്തുള്ള കെല്ട്രോണ് ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 25 വര്ഷങ്ങളായി ഇന്ത്യന് പ്രതിരോധ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ ഡിഫെന്സ് ഇലക്ട്രോണിക്സ് സംവിധാനങ്ങള് കെല്ട്രോണ് നിര്മ്മിച്ചു നല്കുന്നുണ്ട്. നാവിക വിവര ശേഖരണം, സിഗ്നല് വിശകലനം, അപഗ്രഥനം എന്നീ മേഖലകളില് പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡിആര്ഡിഒ (എന്.പി.ഒ.എല്) യുടെ സാങ്കേതിക പങ്കാളിയായി കെല്ട്രോണ് കണ്ട്രോള്സ് പ്രവര്ത്തിച്ച് വരികയാണ്. ഇന്ത്യന് നാവികസേന, എന്പിഒഎല്, സി-ഡാക്ക്, ഭെല്, അക്കാഡമിക് സ്ഥാപനങ്ങള്, സ്റ്റാര്ട്ട് അപ്പ് കമ്പനികള് എന്നിവയുമായി സഹകരിച്ച് ഈ മേഖലയില് മുന്പന്തിയിലെത്താനുള്ള ശ്രമമാണ് ഇപ്പോള് കെല്ട്രോണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

To advertise here,contact us
To advertise here,contact us
To advertise here,contact us