മാനന്തവാടി: റിപ്പോർട്ടർ ടി വി കൈകോർക്കുന്ന സംസ്ഥാന പുരുഷ-വനിതാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് അട്ടിമറി വിജയം. ചുരം കയറി വയനാടൻ മണ്ണിലെത്തിയ കോഴിക്കോടിൻ്റെ വനിതാ ടീമിനെ ആദ്യമത്സരത്തിൽ തന്നെ ആതിഥേയരായ വയനാട് ആട്ടിമറിച്ചു. മിന്നുന്ന സർവീസുകളുമായി കളം നിറഞ്ഞ കോഴിക്കോടിനെതിരെ മികച്ച സ്മാഷുകൾ ഉതിർത്തായിരുന്നു വയനാടിൻ്റെ മറുപടി. മത്സരത്തിൽ 3-1 സെറ്റുകൾക്കായിരുന്നു വയനാടിൻ്റെ വിജയം.
വയനാട് മാനന്തവാടിയിൽ നടക്കുന്ന സംസ്ഥാന പരുഷ-വനിതാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന് നേരത്തെ ആവേശ്വോജ്ജ്വലമായ തുടക്കമായിരുന്നു. മാനന്തവാടി എംഎൽഎ ഒ ആർ കേളു, റിപ്പോർട്ടർ ടിവി ചാനൽ ചെയർമാൻ റോജി അഗസ്റ്റിൻ,ഫുട്ബോൾ താരം ഐ എം വിജയൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി, ബോബി ചെമ്മണ്ണൂർ എന്നിവർ ചേർന്നായിരുന്നു സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്.
റിപ്പോർട്ടർ ചാനലും സ്പോർട്സ് കൗൺസിലും വയനാട് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് മാനന്തവാടി താഴെ അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജനുവരി 7 വരെയാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. കെഎസ്ഇബി, ബിപിസിഎൽ, കേരള പോലീസ് തുടങ്ങി സീനിയർ ദേശീയ താരങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിലെ മുൻനിര ടീമുകളുൾപ്പെടെ മത്സരത്തിൽ മാറ്റുരയ്ക്കും. 11 ജില്ലകളിൽ ടീമുകളുടെ വോളിബോൾ മത്സരങ്ങളാണ് ഇന്ന് നടക്കുക.