ബെയ്ജിങ്: ആഗോള ബഹിരാകാശ രംഗത്ത് അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും ശക്തമായ ബദലായി ചൈന മാറുന്നു. അമേരിക്കയുടെ താത്പര്യങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്നാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം നിർമിച്ചത്. 2022 പ്രവർത്തനമാരംഭിച്ച 'ടിയാൻഗോങ്' അഥവാ 'സ്വർഗ്ഗീയ കൊട്ടാരം' എന്ന ബഹിരാകാശ നിലയത്തിൻ്റെ വാതിലുകൾ ചൈന ചരിത്രത്തിലാദ്യമായി ഒരു വിദേശ രാജ്യത്തിനായി തുറന്നുകൊടുത്തു. ഇതുവഴി പാകിസ്താൻ്റെ ആദ്യ ബഹിരാകാശ സഞ്ചാരി മുഹമ്മദ് സീഷാൻ അലി ബുധനാഴ്ച ടിയാൻഗോങ് നിലയത്തിൽ പ്രവേശിച്ചു.
ഇന്ന് പുലർച്ചെ 5:48 നാണ് 'ഷെൻഷൗ-24' എന്ന റോക്കറ്റ് കുതിച്ചുയർന്നത്. ഗോബി മരുഭൂമിയിലെ ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച്-2എഫ് റോക്കറ്റിലായിരുന്നു വിക്ഷേപണം. ചൈനീസ് കമാൻഡർ ടാങ് ഹോങ്ബോ, ഫ്ലൈറ്റ് എൻജിനീയർ വു യി എന്നിവർക്കൊപ്പം പേലോഡ് സ്പെഷ്യലിസ്റ്റായാണ് പാക്കിസ്താൻ വ്യോമസേനയിലെ മുൻ യുദ്ധവിമാന പൈലറ്റ് സീഷാൻ അലി (40) യാത്ര തിരിച്ചത്. ആറു മണിക്കൂറിന് ശേഷം ബഹിരാകാശ നിലയത്തിലെത്തിയ സംഘത്തെ അവിടെയുണ്ടായിരുന്ന ഷെൻഷൗ 23 സംഘം കേക്ക് മുറിച്ച് സ്വീകരിച്ചു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ഓടെ പ്രവർത്തനം അവസാനിപ്പിക്കാനിരിക്കെ, 'ടിയാൻഗോങ്ങി'നെ ലോകരാജ്യങ്ങളുടെ പുതിയ ബഹിരാകാശ ഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് ചൈനയുടെ ലക്ഷ്യം. ബഹിരാകാശ രംഗത്ത് കോടിക്കണക്കിന് ഡോളർ ചൈന നിക്ഷേപിച്ചുണ്ട്. കേവലമൊരു ദേശീയ അഭിമാനസ്തംഭത്തിനപ്പുറം വികസ്വര രാജ്യങ്ങൾക്കും അന്താരാഷ്ട്ര പങ്കാളികൾക്കും ബഹിരാകാശത്തേക്കുള്ള കവാടമാണ് ടിയാൻഗോങ് എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് ചൈന.
സ്വന്തമായി ബഹിരാകാശ പേടകങ്ങളോ വിക്ഷേപണ സംവിധാനങ്ങളോ ഇല്ലാത്ത പാക്കിസ്താന്, ചൈനയുടെ സഹായത്തോടെയാണ് ബഹിരാകാശത്തേക്കുള്ള ഈ സ്വപ്നയാത്ര സാധ്യമായത്. ചൈനയും പാകിസ്താനും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിൻ്റെ 75-ാം വാർഷികത്തിലാണ് ഈ ചരിത്രനേട്ടം എന്നതും ശ്രദ്ധേയമാണ്.
പാക്കിസ്ഥാൻ വ്യോമസേനയിൽ നിന്നുള്ള ഇരുന്നൂറോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സീഷാൻ അലി 2025 മുതൽ ചൈനീസ് വിദഗ്ധരുടെ മേൽനോട്ടത്തിൽ കഠിനപരിശീലനത്തിലായിരുന്നു. 'ചൈനീസ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ അംഗമെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ആവേശത്തിലാണ്. ചൈനീസ് ബഹിരാകാശ നിലയം, ഇതാ ഞാൻ വരുന്നു!' എന്നാണ് അലി ചൈനീസ് ഭാഷയിൽ പ്രതികരിച്ചത്.
China has successfully launched the Shenzhou-24 spacecraft from the Jiuquan Satellite Launch Center aboard a Long March-2F rocket, marking a historic milestone as Pakistani astronaut Muhammad Zeeshan Ali becomes the first foreign guest on a Chinese crewed spaceflight. https://t.co/2S4BVngKyt
5 മുതൽ 10 ദിവസം വരെ നിലയത്തിൽ തങ്ങുന്ന സീഷാൻ അലി, ബഹിരാകാശ പേടകങ്ങളിലെ ചെറിയ വിള്ളലുകൾ സ്വയം പരിഹരിക്കുന്ന കാർബൺ ഫൈബർ സംയുക്തങ്ങളെക്കുറിച്ചും, വിത്തുകളിലും ബാക്ടീരിയകളിലും റേഡിയേഷൻ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും പരീക്ഷണങ്ങൾ നടത്തും. അതേസമയം, ചൈനയുടെ ദീർഘകാല ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഷെൻഷൗ-23 കമാൻഡർ ഷു യാങ്ഷു ഒരു വർഷം തുടർച്ചയായി നിലയത്തിൽ തങ്ങും. ബഹിരാകാശത്ത് ദീർഘകാലം മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനാണിത്.
2030 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും, 2035 ൽ റഷ്യയുമായി ചേർന്ന് ചന്ദ്രനിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുമുള്ള ചൈനയുടെ വമ്പൻ പദ്ധതികളുടെ മുന്നോടിയാണിത്. 2028 ൽ ചൈന വിക്ഷേപിക്കുന്ന ചാന്ദ്രദൗത്യത്തിൽ പാക്കിസ്ഥാൻ നിർമ്മിച്ച റോവറിനും ചൈന ഇടം നൽകുന്നുണ്ട്. ബഹിരാകാശത്ത് ചൈന നേടുന്ന ഈ ആധിപത്യത്തെയും ആശങ്കയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്.
Content Highlights: Pakistan's Muhammad Zeeshan Ali joins China's Tiangong space station crew, becoming the first foreign astronaut to enter the orbiting laboratory.