എൻവിഡിയ സിഇഒ സ്ഥാനത്തേക്കുള്ള തിരിച്ചുവരവിൽ ട്രംപിന് പങ്കില്ലെന്ന് ജെൻസൻ ഹുവാങ്

എൻവി‍ഡിയയിലെ വലിയ പ്രതിസന്ധികൾക്ക് കാരണമായ സംഭവങ്ങളിൽ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ജെൻസൻ ഹുവാങ് അം​ഗീകരിച്ചു

ഡോണൾഡ് ട്രംപ്/ജെൻസൻ ഹുവാങ്

കാലിഫോർണിയ: എൻവി‍ഡിയ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിൽ ഡൊണാൾഡ് ട്രംപിന് നിർണായക പങ്കുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ജെൻസൻ ഹുവാങ്. തന്നെ വീണ്ടും സിഇഒയായി നിയമിക്കാൻ ട്രംപ് എൻവിഡിയ ഡയറക്ടർ ബോർഡിനുമേൽ സമ്മർദം ചെലുത്തിയെന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നായിരുന്നു ഹുവാങ്ങിൻ്റെ പ്രതികരണം. സംഭവങ്ങളുടെ സമഗ്രമായ വിലയിരുത്തലും വസ്തുതകൾ ശേഖരിച്ചുള്ള പരിശോധനയും നടത്തിയ ശേഷമാണ് ബോർഡ് തീരുമാനത്തിലെത്തിയതെന്നും ഹുവാങ് വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല താനെന്ന് ട്രംപ് ബോർഡിന് ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച എൻവിഡിയ ജീവനക്കാരോട് ക്ഷമാപണം നടത്തി സംസാരിക്കുമ്പോഴായിരുന്നു ജെൻസൻ ഹുവാങ്.

എൻവി‍ഡിയയിലെ വലിയ പ്രതിസന്ധികൾക്ക് കാരണമായ സംഭവങ്ങളിൽ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ജെൻസൻ ഹുവാങ് അം​ഗീകരിച്ചു. വിവാഹേതര ബന്ധങ്ങളിലൂടെ കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. ഞാൻ ഗുരുതരമായ ചില തെറ്റുകൾ ചെയ്തു. ലോറിയോടുള്ള വിശ്വാസം ഞാൻ കാത്തുസൂക്ഷിച്ചില്ല. എന്റെ മക്കളെ വേദനിപ്പിച്ചു. തീർച്ചയായും, നിങ്ങളെയെല്ലാവരെയും വേദനിപ്പിച്ചു എന്നായിരുന്നു ജെൻസൻ ഹുവാങ്ങിൻ്റെ പ്രതികരണം. എൻവിഡിയ സിഇഒ സ്ഥാനത്തേക്ക് ഹുവാങ് തിരിച്ചെത്തിയതിന് തൊട്ടടുത്ത ദിവസമാണ് ക്ഷമാപണം. സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട് രണ്ടാഴ്ച തികയുംമുമ്പാണ് അദ്ദേഹത്തെ വീണ്ടും സിഇഒയായി നിയമിച്ചത്. വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചിട്ടും കമ്പനിയുടെ ഡയറക്ടർ ബോർഡ് തിങ്കളാഴ്ച ഹുവാങിനെ വീണ്ടും സിഇഒ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. കമ്പനിയിലെ രണ്ട് ജീവനക്കാരുമായും ചൈനീസ് ചാരയെന്ന് സംശയിക്കപ്പെടുന്ന ഒരാളുമായും ഹുവാങിന് പ്രണയബന്ധമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

താൻ മനഃശാസ്ത്രപരമായ ചികിത്സ തേടുന്നുണ്ടെന്നും കമ്പനിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ചൊവ്വാഴ്ച ജീവനക്കാരെ അഭിസംബോധന ചെയ്യുന്നതിനിടെ ഹുവാങ് പറഞ്ഞു. തിങ്കളാഴ്ച ജീവനക്കാരോട് നടത്തിയ അപ്രതീക്ഷിത പ്രസംഗത്തിലും സംഭവങ്ങളിലൂടെ എല്ലാവരെയും ബുദ്ധിമുട്ടിച്ചതിൽ കടുത്ത ഖേദമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടാമതും സിഇഒ പദവിയിലെത്തുമ്പോൾ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ഹുവാങ് ഉറപ്പുനൽകി. വിവാഹേതര ബന്ധങ്ങളുടെ പേരിൽ ക്ഷമാപണം നടത്തിയെങ്കിലും നിയമത്തിനും ചട്ടങ്ങൾക്കും അതീതനായി സ്വയം കരുതുന്ന ഒരു 'ടെക് ബ്രോ' (Tech Bro) അല്ല താനെന്ന് ഹുവാങ് വ്യക്തമാക്കി.

ഹുവാങിന് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങിന് നേരത്തെ ചുമതലയുണ്ടായിരുന്ന സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എന്ന കമ്പനിക്കെതിരെ യുഎസ് സർക്കാർ അന്വേഷണം നടത്തിവരികയാണ്. കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിച്ച് എൻവിഡിയയുടെ സെമികണ്ടക്ടർ ചിപ്പുകൾ ചൈനയിലേക്ക് കടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷണം. ആലീസ് ഹുവാങിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവും യുഎസ് ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണുന്നുണ്ട്.

ഹുവാങിനെ വീണ്ടും സിഇഒയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഞായറാഴ്ച നടന്ന എൻവിഡിയ ഡയറക്ടർ ബോർഡ് യോഗത്തിൽ ഫോണിലൂടെ ഇടപെട്ടിരുന്നുവെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. അതേസമയം, യുഎസ് ഭരണകൂടത്തിലെ ഉന്നതതലങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഹുവാങിനെ തിരിച്ചുകൊണ്ടുവരാൻ തീരുമാനിച്ചതെന്ന് എൻവിഡിയ ബോർഡ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അടുത്തയാഴ്ച യുഎസ് കോൺഗ്രസിന് മുന്നിൽ ഹുവാങിന് രണ്ട് ഹിയറിങ്ങുകൾ നേരിടേണ്ടിവന്നേക്കും. ഒന്ന് ജനപ്രതിനിധിസഭയുടെ വിദേശകാര്യ സമിതിക്ക് മുന്നിലും മറ്റൊന്ന് സെനറ്റ് ബാങ്കിങ് സമിതിക്ക് മുന്നിലുമാണ് ജെൻസൻ ഹുവാങ്ങ് ഹാജരാകേണ്ടി വരിക.

Content Highlights: Nvidia CEO Jensen Huang says Donald Trump had no role in his return to the company's leadership, dismissing speculation about the US President's involvement

To advertise here,contact us