റാസൽഖൈമ: റാസൽഖൈമയിൽ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളികളും. റാസൽഖൈമയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഏറെയും മലയാളികൾ എന്ന് സൂചന. അപകടത്തിൽപ്പെട്ട ബസ് മലയാളി ഉടമസ്ഥതയിലുള്ളത്. മരിച്ചവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.
11 പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ 2 പേർ പിന്നീട് ചികിത്സയിലായിരിക്കെ മരിച്ചു. 13 പേരുടെ മരണം റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു. മലയാളി ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റാൻ പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 14 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. വിവരം ലഭിച്ചയുടൻ അടിയന്തര രക്ഷാപ്രവർത്തന സംഘം അപകടസ്ഥലത്ത് എത്തിയിരുന്നു. അൽ മുനഈ സമഗ്ര പൊലീസ് സ്റ്റേഷൻ, റാസൽഖൈമ പൊലീസ് സെർച്ച് ആൻഡ് റെസ്ക്യു വകുപ്പ്, ഹത്ത പൊലീസ് പട്രോൾ, ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകിയത്. റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിൽ വച്ചാണ് അപകടമുണ്ടായത്.
അപകടത്തിൻ്റെ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും വിവരങ്ങൾ എത്രയും പെട്ടെന്ന് തന്നെ അറിയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സാങ്കേതിക തകരാർ മൂലം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക്, 41 യാത്രക്കാരുമായി എത്തിയ ബസ് ഇടിച്ചുകയറി എന്നായിരുന്നു അപകടത്തിൻ്റെ പ്രാഥമിക വിവരം.
Content Highlights: vehicle accident in Ras Al Khaimah, United Arab Emirates, has claimed lives, with Malayalis among the deceased. Further details about the victims and the circumstances of the accident have been reported.