നെതന്യാഹുവിനൊപ്പമുള്ള സഖ്യസര്‍ക്കാര്‍ നീക്കം പിന്നില്‍ നിന്നുള്ള കുത്ത്; ഐസന്‍കോട്ടിനെതിരെ ഗോലാന്‍

നെതന്യാഹുവിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഏതൊരു നീക്കത്തെയും താനും തന്റെ പാര്‍ട്ടിയും എതിര്‍ക്കുമെന്നും ഗോലാന്‍ വ്യക്തമാക്കി

ടെല്‍ അവീവ്: കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള ഗാഡി ഐസന്‍കോട്ടിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതവും ഇസ്രയേല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ യയര്‍ ഗോലാന്‍. നെതന്യാഹുവിനൊപ്പം കൈകോര്‍ക്കാനുള്ള നീക്കത്തെ പിന്നില്‍ നിന്നുള്ള കുത്ത് എന്നാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാനിയായ ഗോലാന്‍ വിശേഷിപ്പിച്ചത്. ടര്‍ക്കിഷ് മാധ്യമമായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച സമയത്തിന്റെ മൂന്നാം ആഴ്ചയിലേക്ക് ചേഞ്ച് ബ്ലോക്ക് പ്രവേശിച്ചെന്നും എന്നാല്‍ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'എത്രയും വേഗം നെതന്യാഹുവിനെ സ്ഥാനഭ്രഷ്ടനാക്കുക എന്നത് ചേഞ്ച് ബ്ലാക്ക് നേതാക്കള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ പ്രധാന പ്രതിബദ്ധതയാണ്. ആ പ്രതിബദ്ധത നിറവേറ്റുന്നതിന് തടസ്സം നില്‍ക്കുന്നത് ആരാണെങ്കിലും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നതില്‍ സംശയമില്ല,' ഗോലാന്‍ പറഞ്ഞു.

നെതന്യാഹുവിനൊപ്പം ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഏതൊരു നീക്കവും 'വോട്ടര്‍മാരെ പിന്നില്‍ നിന്നും കുത്തുന്നതായിരിക്കുമെന്ന്' ഗോലാന്‍ മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിന്റെ സര്‍ക്കാരില്‍ ചേരാനല്ല, പകരം മറ്റൊരു സര്‍ക്കാരിനെ മുമ്പോട്ട് വെയ്ക്കാനാണ് ചേഞ്ച് ബ്ലോക്കിന്റെ നേതാക്കളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതന്യാഹുവിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഏതൊരു നീക്കത്തെയും താനും തന്റെ പാര്‍ട്ടിയും എതിര്‍ക്കുമെന്നും ഗോലാന്‍ വ്യക്തമാക്കി.

സഹകരണത്തിന് പരസ്പരം അംഗീകരിക്കാവുന്ന ഒരു ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നിര്‍ബന്ധിത ഉപാധിയായി ഈ ചര്‍ച്ചകളെ മാറ്റരുതെന്ന് തീവ്ര ഓര്‍ത്തഡോക്‌സ് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകളെക്കുറിച്ച് ഗോലാന്‍ പറഞ്ഞു.

മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റുമായി തന്റെ പാര്‍ട്ടിക്ക് മികച്ച പങ്കാളിത്തമുണ്ടെന്ന് ഗോലാന്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ എട്ടിന്, ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, ചേഞ്ച് ബ്ലോക്കിന്റെ നേതാവായ ഗാഡി ഐസന്‍കോട്ടിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തി. ആ തീയതി മുതല്‍ 28 ദിവസത്തെ സമയമയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവദിച്ചത്. കൂടാതെ 14 ദിവസത്തെ കാലാവധി കൂടി നീട്ടിയേക്കാം. ഈ സമയത്തിനകം സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ലെങ്കില്‍ മറ്റൊരു നെസറ്റ് അംഗത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 28 ദിവസത്തെ സമയം നല്‍കും.

അതേസമയം, നെതന്യാഹുവുമായുള്ള ഐസന്‍കോട്ടിന്റെ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞു. സര്‍ക്കാറിന്റെ നേതൃത്വം ആര് വഹിക്കണം എന്നതിലും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ (Itamar Ben-Gvir) പുതിയ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തണമോ എന്നതിലുമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.

ഇതിനുപുറമേ, പ്രധാനമന്ത്രിപദമടക്കമുള്ള വിഷയങ്ങളിലും ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു. ഭരണത്തിന്റെ തുടക്കത്തില്‍ ആര് പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ ധാരണയായില്ല. യാഷര്‍ പാര്‍ട്ടി മുഴുവന്‍ കാലാവധിയിലും ഐസന്‍കോട്ട് തന്നെ പ്രധാനമന്ത്രിയാകണമെന്ന് നിലപാടെടുക്കുമ്പോള്‍, സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയം നെതന്യാഹു പ്രധാനമന്ത്രിയാകണമെന്നാണ് ലിക്കുഡ് പാര്‍ട്ടിയുടെ ആവശ്യം. നെതന്യാഹുവിനെതിരെയുള്ള രാഷ്ട്രീയ ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്നും ലിക്കുഡ് പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇതിന് പുറമെ സുരക്ഷ, നീതിന്യായം, ഭരണനയം തുടങ്ങിയ നിരവധി മേഖലകളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

Content Highlight: Israeli opposition leader Yair Golan has strongly criticised Gadi Eisenkot's reported efforts to form a coalition government with caretaker Prime Minister Benjamin Netanyahu, describing the move as a betrayal of voters. Golan said the Change Bloc was elected with a commitment to remove Netanyahu from power and warned that any partnership with him would undermine that promise. He also opposed making negotiations with ultra-Orthodox parties a precondition for forming a government. Meanwhile, talks between Eisenkot's Yashar party and Netanyahu's Likud party ended without an agreement over leadership and the possible inclusion of Itamar Ben-Gvir.

To advertise here,contact us