ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇന്ത്യയുടെ സമീപനം പുനഃപരിശോധിക്കണമെന്ന ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. 2017ല്‍ മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്ത് സൈന്യം നടത്തിയ സൈനിക നടപടികള്‍ക്കിടെ റോഹിങ്ക്യന്‍ ജനതയ്ക്കെതിരെ വംശഹത്യ നടന്നതായി ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) കണ്ടെത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ നിലപാടും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രധാനമായും കുടിയേറ്റം, സുരക്ഷ, പൗരത്വം തുടങ്ങിയ വിഷയങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ വംശഹത്യയുടെ ഇരകളായ ഒരു ജനവിഭാഗമെന്ന യാഥാര്‍ത്ഥ്യം കൂടി പരിഗണിച്ചുവേണം ഇനി അവരുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്നാണ് വിലയിരുത്തല്‍.
വംശഹത്യ തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് വംശഹത്യാ കണ്‍വെന്‍ഷന്റെ ഒന്നാം അനുച്ഛേദം വ്യക്തമാക്കുന്നു. വംശഹത്യയ്ക്ക് ഗുരുതരമായ സാധ്യതയുണ്ടെന്ന് അറിയുകയോ അറിയേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ രാജ്യങ്ങള്‍ ഇടപെടേണ്ട ബാധ്യതയുണ്ടെന്ന് 2007ലെ ബോസ്നിയ-സെര്‍ബിയ കേസിലെ വിധിയിലും ഐസിജെ വ്യക്തമാക്കിയിരുന്നു. 1959ല്‍ ഇന്ത്യയും വംശഹത്യാ കണ്‍വെന്‍ഷനില്‍ അംഗമായിട്ടുണ്ട്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നോ കുടിയേറ്റ നിയന്ത്രണങ്ങള്‍ ഉപേക്ഷിക്കണമെന്നോ കണ്വെന്ഷന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ അവര്‍ നേരിട്ട കുറ്റകൃത്യങ്ങളുടെ ഗൗരവവും അതിന്റെ നിയമപരമായ പ്രാധാന്യവും അംഗീകരിക്കേണ്ടതുണ്ട്. സുരക്ഷാ പരിശോധനകളും കുടിയേറ്റ നിയന്ത്രണങ്ങളും രാജ്യത്തിന് തുടരാമെങ്കിലും വംശഹത്യയുടെ ഇരകളായ ജനവിഭാഗത്തെ കേവലം അനധികൃത കുടിയേറ്റക്കാരായി മാത്രം കാണുന്നത് ശരിയല്ലെന്നാണ് വിധിക്ക് പിന്നാലെ ഉയര്‍ന്ന് വന്നിരിക്കുന്ന ചര്‍ച്ച.
ഗാംബിയയ്ക്ക് മ്യാന്മറിനെതിരെ കേസ് നല്കാന് അനുമതി നല്‍കിയതിലൂടെ വംശഹത്യാ കണ്‍വെന്‍ഷനിലെ ഉത്തരവാദിത്വങ്ങൾ എല്ലാ അംഗരാജ്യങ്ങള്‍ക്കും കൂട്ടായുള്ളതാണെന്നും ഐസിജെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വംശഹത്യ ഒരു രാജ്യവും ഇരകളും തമ്മിലുള്ള മാത്രം വിഷയമല്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമാണ്. ഇന്ത്യയില്‍ അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമബാധ്യതകള്‍ ഈ വിധി സൃഷ്ടിക്കുന്നില്ലെങ്കിലും റോഹിങ്ക്യകളെ തുടര്‍ന്നും പീഡനം നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലേക്ക് തിരിച്ചയക്കരുതെന്ന നിലപാടിന് ഇത് കൂടുതല്‍ പ്രാധാന്യം നല്കുന്നു. അതോടൊപ്പം കുറ്റക്കാര്‍ക്കെതിരായ നടപടികള്‍, നഷ്ടപരിഹാരം, അതിജീവിച്ചവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ടിബറ്റുകാര്‍, ശ്രീലങ്കന്‍ തമിഴര്‍, അഫ്ഗാനികള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യ മുന്‍കാലങ്ങളില്‍ അഭയം നല്‍കിയിട്ടുണ്ട്. മാനുഷിക പരിഗണനയ്ക്കും പ്രായോഗിക നയതന്ത്രത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ ഈ സമീപനം സ്വീകരിച്ചിട്ടുള്ളത്. റോഹിങ്ക്യന്‍ ജനതയെയും ഇതേ കാഴ്ചപ്പാടില്‍ കാണണമെന്നാണ് ഉയരുന്ന വാദം. ഐസിജെ വിധി മ്യാന്മറിന്റെ ഉത്തരവാദിത്വം മാത്രമല്ല ഉയര്‍ത്തിക്കാട്ടുന്നത്. വംശഹത്യയുടെ ഇരകള്‍ അതിര്‍ത്തി കടക്കുന്നതോടെ അവരുടെ ദുരിതം അവസാനിക്കുന്നില്ലെന്നും ഓര്‍മിപ്പിക്കുന്നു. സുരക്ഷയും കുടിയേറ്റ നിയന്ത്രണങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ റോഹിങ്ക്യന്‍ അതിജീവിതരുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും ഇന്ത്യ മുന്‍ഗണന നല്‍കണമെന്നാണ് ചര്‍ച്ചകളില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം.
മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിങ്ങള്‍ക്കെതിരെ 2017ല്‍ സൈന്യം നടത്തിയ നടപടികള്‍ വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചിരുന്നു. റോഹിങ്ക്യൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം പ്രവര്‍ത്തിച്ചതെന്നും 10,000 പേര്‍ക്ക് ജീവന് നഷ്ടമായെന്നും ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് പലായനം ചെയ്യേണ്ടിവന്നെന്നും കോടതി വ്യക്തമാക്കി. റോഹിങ്ക്യകൾ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന മ്യാന്മറിന്റെ വാദം തള്ളിയ കോടതി, അവര്‍ക്ക് സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള വിഭാഗമാണെന്നും ചൂണ്ടിക്കാട്ടി. തെളിവുകള്‍ നശിപ്പിച്ചതായും കണ്ടെത്തിയ കോടതി, ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കാനും മ്യാന്മറിനോട് നിര്‍ദേശിച്ചു. ഗാംബിയ നല്കിയ കേസിലായിരുന്നു വിധി.
Content Highlights: The International Court of Justice's finding that Myanmar committed genocide against the Rohingya during the 2017 military operations in Rakhine State has renewed debate over India's refugee policy. Discussions in India have largely focused on migration, security and citizenship. The ruling has prompted calls to consider the Rohingya community's experience as victims of genocide when discussing their future and the country's approach towards them.