വാഷിങ്ടൺ: ലോകമെമ്പാടുമുള്ള 178 വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. സിഎൻഎൻ, ബിബിസി, ഫോക്സ് ന്യൂസ്, സൂം, എച്ച്എസ്ബിസി, സെയിൽസ്ഫോഴ്സ്, ഐകിയ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളാണ് ആക്രമണത്തിന് ഇരയായത്. നവംബർ 16നാണ് ആക്രമണം ശ്രദ്ധയിൽപ്പെട്ടത്. ബാങ്കിങ്, സാങ്കേതികവിദ്യ, മാധ്യമം, റീട്ടെയിൽ, യാത്ര തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.
വെബ്സൈറ്റ് പരീക്ഷണങ്ങൾക്കും മാറ്റങ്ങൾ വരുത്തുന്നതിനും ഉപയോഗിക്കുന്ന ഒപ്റ്റിമൈസ്ലി (Optimizely) എന്ന പ്ലാറ്റ്ഫോമിലെ ഉപഭോക്തൃ അക്കൗണ്ടുകൾ ഹാക്കർമാർ കൈക്കലാക്കിയാണ് ആക്രമണം നടത്തിയത്. ഇതിലൂടെ വെബ്സൈറ്റുകളിൽ ദോഷകരമായ ജാവാസ്ക്രിപ്റ്റ് കോഡുകൾ കടത്തിവിട്ടു. ഉപയോക്താക്കളുടെ ക്രിപ്റ്റോകറൻസി, ബാങ്ക് കാർഡ് വിവരങ്ങൾ, ബ്രൗസർ കുക്കികൾ എന്നിവ മോഷ്ടിക്കാനും സ്ക്രീൻഷോട്ടുകൾ പകർത്താനും ഈ മാൽവെയറിന് കഴിയും. സെയിൽസ്ഫോഴ്സ് ഉൾപ്പെടെയുള്ള കമ്പനികൾ അനധികൃതമായി മാറ്റം വരുത്തിയ സ്ക്രിപ്റ്റുകൾ പ്രവർത്തനരഹിതമാക്കി. ഇക്വിഫാക്സും ഒപ്റ്റിമൈസ്ലിയുടെ സേവനം ഉപയോഗിക്കുന്നത് നിർത്തി. തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതിന് തെളിവുകളില്ലെന്നാണ് ഇക്വിഫാക്സിന്റെ പ്രതികരണം.
ഇതിനിടെ അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസിയായ എൻഎസ്എ (NSA) ആഭ്യന്തര ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന അതീവ രഹസ്യ നെറ്റ്വർക്ക് തകരാറിലായതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുള്ള ആറുപേരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻഎസ്എ ജീവനക്കാർക്ക് രഹസ്യവിവരങ്ങൾ പരസ്പരം കൈമാറുന്നതിനായി ഉപയോഗിക്കുന്ന നെറ്റ്വർക്കാണ് എൻഎസ്എനെറ്റ് (NSANet). നിലവിൽ നെറ്റ്വർക്ക് തകരാറിന് പിന്നിൽ സൈബർ ആക്രമണമുണ്ടായതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തകരാറിന്റെ വ്യാപ്തി മനസിലാക്കാനുള്ള ശ്രമങ്ങൾ ഏജൻസി തുടരുന്നതിനിടെ ജീവനക്കാരുടെ ജോലിക്കെത്തുന്ന സമയത്തിൽ താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സാധാരണ പ്രവൃത്തിസമയക്രമത്തിലേക്ക് ഏജൻസി മടങ്ങി.
'നിശ്ചിത സമയത്ത് നടത്തിയ പതിവ് അറ്റകുറ്റപ്പണികൾക്കിടെ ദേശീയ സുരക്ഷാ ഏജൻസിയുടെ ചില സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത താൽക്കാലികമായി കുറഞ്ഞിരുന്നു. ചില ആഭ്യന്തര സംവിധാനങ്ങളെ ഇത് ബാധിച്ചെങ്കിലും നിർണായക ദൗത്യങ്ങൾക്കാവശ്യമായ ശേഷി പൂർണമായും പ്രവർത്തനക്ഷമമാണ്. ദേശീയ സുരക്ഷ സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശേഷിയെയും ഇത് ബാധിച്ചിട്ടില്ല. ആസൂത്രിത അറ്റകുറ്റപ്പണികൾക്കിടയിലോ അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോഴോ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഒന്നിലധികം ബദൽ സംവിധാനങ്ങളോടെയാണ് എൻഎസ്എയുടെ അടിസ്ഥാന സൗകര്യങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്' എന്നാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം കണ്ടെത്തിയ ഗുരുതരമായ സോഫ്റ്റ്വെയർ സുരക്ഷാ പിഴവുകൾ പരിഹരിക്കുന്നതിനായി എൻഎസ്എ പുതിയ സോഫ്റ്റ്വെയർ പാച്ച് (സുരക്ഷാ അപ്ഡേറ്റ്) പ്രയോഗിച്ചതാണ് തകരാറിന് കാരണമെന്ന് ദേശീയ ഇന്റലിജൻസ് ഡയറക്ടർ ജെയ് ക്ലെയ്റ്റണെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.
ലോകത്തെ ഏകദേശം 70 ശതമാനം വെബ്സൈറ്റുകൾക്കും കരുത്തുപകരുന്ന പ്രോഗ്രാമിങ് ഭാഷയായ പിഎച്ച്പി (PHP) യിലെ സുരക്ഷാ പിഴവുകളെക്കുറിച്ചാണ് ക്ലെയ്റ്റൺ പരാമർശിച്ചതെന്നാണ് ഫോക്സ് റിപ്പോർട്ട് ചെയ്യുന്നത്. എൻഎസ്എ ഉൾപ്പെടെ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാങ്കേതിക തകരാറുകളൊന്നും സൈബർ ആക്രമണത്തിന്റെ ഫലമാണെന്നതിന് തെളിവുകളില്ലെന്ന് ക്ലെയ്റ്റൺ വ്യക്തമാക്കുന്നത്. ഏഷ്യയിൽ പര്യടനത്തിലുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അടിയന്തര രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനുള്ള എൻഎസ്എയുടെ ശേഷിയെ നെറ്റ്വർക്ക് തകരാർ ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. പ്രസിഡന്റ് എയർഫോഴ്സ് വൺ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ സർക്കാരിന് ഒന്നിലധികം ബദൽ നെറ്റ്വർക്കുകളും സംവിധാനങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ വിമാനക്കമ്പനികളെയും മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ബാധിച്ച നിരവധി വലിയ സാങ്കേതിക തടസ്സങ്ങൾക്ക് പിന്നാലെയാണ് അമേരിക്കയിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജൻസിയിലുണ്ടായ ഈ സാങ്കേതിക തകരാർ ഉണ്ടായിരിക്കുന്നത്. വൻതോതിലുള്ള സിസ്റ്റം തകരാറിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യവ്യാപകമായി വിമാന സർവീസുകൾ മണിക്കൂറുകളോളം നിർത്തിവെക്കേണ്ടിവന്നിരുന്നു . ആയിരക്കണക്കിന് വിമാനങ്ങൾ വൈകുകയും പലതും റദ്ദാക്കുകയും ചെയ്തു. അർക്കൻസാസിലെ ഒരൊറ്റ റൂട്ടറിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിലുണ്ടായ വലിയ തകരാർ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. ഔട്ട്ലുക്ക് ഇമെയിൽ, ടീംസ് മീറ്റിങ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാൻ പലർക്കും സാധിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബാങ്കുകളിലും മറ്റ് സേവനദാതാക്കളിലും സമാനമായ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച ആയിരക്കണക്കിന് ചേസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഓൺലൈൻ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എൻഎസ്എ, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, മൈക്രോസോഫ്റ്റ് എന്നിവിടങ്ങളിലുണ്ടായ തകരാറുകൾക്ക് പിന്നിൽ സൈബർ ആക്രമണമാണെന്നതിന് നിലവിൽ സൂചനകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
Content Highlights: A cyberattack has targeted 178 websites, including Fox News, CNN and BBC, with iPhone users also reportedly among those targeted, raising concerns over online security