ഇസ്രയേലില്‍ റെക്കോര്‍ഡ് പോളിങ്: വോട്ടിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു; എതിര്‍ത്ത് പ്രതിപക്ഷം

പോളിങ് നിരക്ക് വര്‍ധിക്കുന്നതിനിടെ വീണ്ടും അനുയായികളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

ടെൽഅവീവ്: ഇസ്രയേല്‍ പൊതുതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. പോളിങ് നിരക്ക് വര്‍ധിക്കുന്നതിനിടെ വീണ്ടും അനുയായികളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു. എക്‌സ് പോസ്റ്റിലൂടെയാണ് ലികുഡ് പാര്‍ട്ടി നേതാവായ നെതന്യാഹു അനുയായികളോട് പുറത്തുപോയി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത് തുടരുന്നത്.

'ഇസ്രായേലിനെ രക്ഷിക്കാന്‍' നാല് മണിക്കൂര്‍ ശേഷിക്കുന്നുവെന്ന എക്‌സ് പോസ്റ്റ് പങ്കുവെച്ച് അദ്ദേഹം വീണ്ടും രംഗത്ത് വന്നിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6:03നാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കി എത്തിയത്. എന്നാല്‍ പോളിങ് സ്റ്റേഷനുകള്‍ രാത്രി 10 മണിക്ക് (20:00 GMT) അടയ്ക്കും. പോളിങ് സമയം നീട്ടമെന്ന് പറഞ്ഞ് നെതന്യാഹു രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. വാട്ടെടുപ്പ് സമയം നീട്ടാനുള്ള ആഹ്വാനങ്ങള്‍ ഗാഡി ഐസെന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി നിരസിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രദേശിക സമയം, വൈകുന്നേരം 4 മണി വരെ വോട്ടര്‍മാരുടെ എണ്ണം 55.7 ശതമാനത്തിലെത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ലെ തിരഞ്ഞെടുപ്പില്‍ ഇതേ സമയം 47.5 ശതമാനമായിരുന്നു പോളിങ്. ഇതുവരെ 4,085,075 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി മേധാവി ഡാന്‍ ലിവ്‌നെ അറിയിച്ചു.

1977ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇസ്രയേലില്‍ രേഖപ്പെടുത്തുന്നത്. ഇടതുപക്ഷ വോട്ടര്‍മാരുടെ വന്‍തോതിലുള്ള പോളിങിനെ തുടര്‍ന്ന് അനുയായികളോട് പോളിങ് കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുകൊണ്ട് ബാഗുകളില്‍ പണം കൊണ്ടുപോകുകയായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജറുസലേമില്‍ നിന്ന് വോട്ടുചെയ്ത് മടങ്ങവേയാണ് അദ്ദേഹം പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ പലസ്തീന്‍ വംശജരായ ഇസ്രയേല്‍ പൗരന്മാരുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. 2022ലെ തെരഞ്ഞെടുപ്പില്‍ പലസ്തീന്‍ വംശജരായ ഇസ്രയേല്‍ പൗരന്മാരില്‍ 54 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇത്തവണ പോളിങ് 68 ശതമാനമോ അതില്‍ കൂടുതലോ ആകാമെന്നാണ് ചില സര്‍വേകളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നുണ്ട്. അറബ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റ്, റാം എന്നീ പാര്‍ട്ടികള്‍ക്ക് 120 അംഗ നെസറ്റില്‍ ഏകദേശം 15 സീറ്റുകള്‍ നേടാനായേക്കുമെന്നും കണക്കുകൂട്ടലുകളുണ്ട്.

Content Highlights: Following record voter turnout in Israel, Benjamin Netanyahu called for an extension of voting hours, but the opposition opposed the proposal.

To advertise here,contact us