റിയാദ് : ഹൂതി ആക്രമണത്തെ തുടര്ന്ന് സൗദിയില് മിസൈല് അവിശിഷ്ടം പതിച്ച് ആറ് പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം സൗദി പൗരന്മാരാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പുറമേ മൂന്ന് വീടുകള്ക്കും മൂന്ന് വാഹനങ്ങള്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാജ്റാന് പ്രദേശത്തെ ജനവാസ മേഖലയിലാണ് പ്രൊജക്ടൈല് ആക്രമണത്തില് നാശനഷ്ടമുണ്ടായതെന്ന് സൗദി സിവില് ഡിഫന്സ് ജനറല് ഡയറക്ടറേറ്റ് അറിയിച്ചു.
സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി സിവില് ഡിഫന്സ് വക്താവ് പ്രതികരിച്ചു. കൂടാതെ ഇത്തരം ആക്രമണങ്ങള് തടുക്കാനുള്ള മുന്കരുതല് നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെ പ്രദേശത്ത് ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതര് നല്കിയിരുന്നു. പിന്നീട് ഇത് പിന്വലിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസവും റിയാദിലേക്കും മുഷായത്തിലേക്കും ഹൂതികള് നടത്തിയ മിസൈല് ആക്രമണം പ്രതിരോധിച്ചെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. പിന്നാലെ ഹൂതി ശക്തി കേന്ദ്രമായ തായ്സില് സൗദി ആക്രമണം ശക്തമാക്കിയിരുന്നു. നഗരത്തിന് തെക്ക് ഭാഗത്തുള്ള തന്ത്രപ്രധാനമായ അല്-ഷഖാബ് മുന്നണിയില് ഹൂതികളുടെ ആക്രമണങ്ങളെ യെമന് സര്ക്കാര് സൈന്യം ചെറുത്തതായി റിപ്പോര്ട്ട് ചെയ്തു. സനായിലെ സിവിലിയന് പ്രദേശങ്ങളിലും തായ്സ്, ഇബ്ബ്, ലാഹിജ്, സാദ, അമ്രാന് ഗവര്ണറേറ്റുകളിലും സഖ്യസേന നടത്തിയ 53 ആക്രമണങ്ങള് നടത്തിയതായി ഹൂതികള് പറയുന്നു.
അതേസമയം, സൗദി-ഹൂതി സംഘര്ഷം അവസാനിപ്പിക്കാന് ഇറാന് സഹായിക്കാന് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു.യമനിലെ പ്രശ്നങ്ങള് സൈനികപരമായി പരിഹരിക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. 12 വര്ഷമായി അക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും അരാഗ്ചി പറഞ്ഞിരുന്നു. ഇസ്ലാമിക് സഹകരണ സംഘടനയുടെ ഭാഗമായി നടന്ന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് ഇറാന് മധ്യസ്ഥത വഹിക്കാന് സന്നദ്ധത അറിയിച്ചത്. എന്നാല് ഇറാനെ പരിഹസിച്ച് യമന് വിദേശകാര്യ മന്ത്രി രംഗത്ത് വന്നിരുന്നു. ഹൂതികള്ക്ക് ഇറാന് നല്കുന്ന സൈനിക, സാങ്കേതിക പിന്തുണയെ 'വേര്തിരിക്കാന് കഴിയില്ല' എന്ന് യമന് വിദേശകാര്യ മന്ത്രി അഫ്ര അബ്ദുല് അസീസ് അല്-സൂബ പറഞ്ഞു.സംഘര്ഷം അവസാനിപ്പിക്കാന് മധ്യസ്ഥത വഹിക്കാന് ടെഹ്റാന് വാഗ്ദാനം ചെയ്തതായും അതേസമയം തന്നെ ഹൂതികള്ക്ക് കൊലപാതകത്തിനും നശീകരണത്തിനുമുള്ള ഉപകരണങ്ങളും അവര് നല്കുന്നുണ്ടെന്ന് യമന് വിദേശകാര്യ മന്ത്രി ആരോപിച്ചു.
Content Highlights: Saudi Arabia - Houthi Rebels conflict update