ഫ്‌ളൈദുബായ് ആക്രമണം; സഹപൈലറ്റിന്റെ സിറിയന്‍ ജീവിതം ദുരൂഹം, തീവ്ര ആശയങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

ഹമാമിനെ മുമ്പ് ഒമാന്‍ അധികൃതര്‍ വിമാനയാത്രാ ചുമതലകളില്‍ നിന്ന് വിലക്കിയിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്ര ആശയങ്ങളുമായുള്ള ബന്ധമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

ദുബായ്: ഫ്‌ളൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് ഹമാം അല്‍-ഹമ്മാമിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. സെപ്റ്റംബര്‍ 30ന് നടന്ന സംഭവത്തില്‍ യുഎഇ ഭീകരവാദ സാധ്യത പരിശോധിച്ചുവരികയാണ്.

ഹമാമിനെ മുമ്പ് ഒമാന്‍ അധികൃതര്‍ വിമാനയാത്രാ ചുമതലകളില്‍ നിന്ന് വിലക്കിയിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്ര ആശയങ്ങളുമായുള്ള ബന്ധമാണ് വിലക്കിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 29കാരനായ ഹമാം യുഎഇ, ഒമാന്‍, സിറിയ, മൊറോക്കോ എന്നിവിടങ്ങളില്‍ താമസിച്ച ശേഷമാണ് ഫ്‌ളൈദുബായില്‍ ഫസ്റ്റ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇയാളുടെ ചെറുപ്പകാലം സിറിയയില്‍ ആയിരുന്നുവെന്നും ആ കാലത്ത് ഏതെങ്കിലും തീവ്ര ആശയങ്ങളുടെ സ്വാധീനത്തിലായോ എന്നതും യുഎഇ പരിശോധിച്ചുവരികയാണ്. ഒമാന്‍ സ്വദേശിയായ പിതാവിനും സിറിയന്‍ സ്വദേശിയായ മാതാവിനും 1996-97 കാലഘട്ടത്തിലാണ് അല്‍-ഹമ്മാമി ജനിക്കുന്നത്. 2011-17 കാലഘട്ടത്തില്‍ 14നും 21നും ഇടയില്‍ പ്രായമുള്ള കാലത്ത് ഹമാം സിറിയയില്‍ കഴിഞ്ഞിരുന്നതായാണ് സുരക്ഷാ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ സിറിയയില്‍ എത്തിയത് എപ്പോഴാണ്, എവിടെയാണ് താമസിച്ചത്, എത്രകാലം അവിടെ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2018ല്‍ ഒമാനി ഏവിയേഷനില്‍ ജോലി ആരംഭിച്ച ഹമാം 2025 ഫെബ്രുവരി വരെ ഏകദേശം ഏഴ് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, 2022 ജനുവരി മുതല്‍ ഒമാനി ഏവിയേഷനില്‍ ബോയിങ് 737 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായി ഹമാം ജോലി ആരംഭിച്ചു. 2024ലാണ് അല്‍-ഹമ്മാമിയുടെ കരിയറില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാമിന്റെ ആശയങ്ങളെക്കുറിച്ച് കമ്പനിയില്‍ ആശങ്കകള്‍ ഉയരുകയും കൈവശം തീവ്രവാദ സ്വഭാവമുള്ള വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തതായി സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ, കമ്പനിക്കുള്ളിലെ ഭരണപരമായ ജോലികളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 2025ല്‍ മൊറോക്കോയിലേക്ക് മാറുകയും 2026ല്‍ ഫ്‌ളൈദുബായില്‍ ചേരുകയും ചെയ്തു. കഴിഞ്ഞ എട്ട് മാസത്തോളമായി ഇയാള്‍ ഇവിടെ പ്രവർത്തിച്ചുവരികയായിരുന്നു. നിലവില്‍ ഇതൊരു ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇയാളുടെ പശ്ചാത്തലം, ഔദ്യോഗിക ജീവിതം, ഇലക്ട്രോണിക് ഇടപാടുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, വിവിധ എയര്‍ലൈനുകള്‍ മാറിയതിന്റെ കാരണം എന്നിവയില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് യുഎഇ അറിയിച്ചു.

Content Highlights: UAE authorities are investigating the flydubai co-pilot’s alleged attack on Indian pilot Captain Smit Machchhar as an attempted terrorist act, with his past and career under scrutiny

To advertise here,contact us