ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഉയരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ബ്രിക്സ് രാജ്യങ്ങള്‍ പരസ്പര സഹകരണത്തിലൂടെ ഈ വെല്ലുവിളികളെ നേരിടണമെന്നും മോദി പറഞ്ഞു. സാങ്കേതിക വിദ്യയും നിര്‍ണായക ധാതുക്കളും ആയുധവല്ക്കരണത്തിനായി ഉപയോഗിക്കുന്നതിലെ ഗുരുതര ആശങ്കകളും മോദി പങ്കുവച്ചു. ഇത് ആഗോള പുരോഗതിക്ക് തടസമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 'ഗ്രേറ്റര്‍ ബ്രിക്സ്' രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി എഐ മുതല്‍ വ്യാപാരം വരെ വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്ലോബല്‍ സൗത്ത് വികസനത്തിന് പ്രായോഗിക വേദിയായി ബ്രിക്സ് കൂട്ടായ്മയെ രൂപപ്പെടുത്തുകയെന്നതാണ് ബെയ്ജിങ്ങിന്റെ ലക്ഷ്യമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും അനിവാര്യമാണെന്ന് ഷി ജിന്‍പിങുമായി നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അതിര്‍ത്തി പരിപാലനത്തില്‍ നിലവിലെ കരാറുകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഷി ജിന്‍പിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മോദി തന്റെ പ്രസംഗം അല്പനേരം നിര്‍ത്തിവച്ചു. മൈക്രോ ഫോണുമായോ പരിഭാഷയുമായോ ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്ന് ഷി ജിന്‍പിങ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തിയത്. ചൈനീസ് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നവരോട് പ്രശ്നമൊന്നുമില്ലല്ലോ? എന്ന് പ്രധാനമന്ത്രി രണ്ടു തവണ ചോദിച്ചിരുന്നു. പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയശേഷമാണ് അദ്ദേഹം പ്രസംഗം തുടര്‍ന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്, ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ ഉള്‍പ്പെടെ നിരവധി ലോകനേതാക്കള്‍ ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. റഷ്യ-യുക്രെയ്ന് യുദ്ധം, പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍, അമേരിക്കയുടെ പുതിയ താരിഫ് നയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയായി.
Content Highlights: Modi flags rising geopolitical tensions and warns against tech weaponisation at BRICS, as Xi pushes stronger Global South cooperation