ന്യൂഡല്‍ഹി: രണ്ടുദിവസമായി ഡൽഹിയിൽ നടന്നുവന്ന ബ്രിക്സ് ഉച്ചകോടിക്ക് സമാപനമായി. അംഗരാജ്യങ്ങളുടെ സംയുക്ത പ്രസ്താവന അംഗീകരിച്ചുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. ആഗോള സമാധാനം, ബഹുമുഖ സഹകരണം എന്നീ വിഷയങ്ങളില്‍ അംഗരാജ്യങ്ങള്‍ ഒരേ നിലപാട് പങ്കുവച്ചു.
2027ല്‍ നടക്കുന്ന 19-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ചൈന ആതിഥേയത്വം വഹിക്കും. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്നലെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അബുദാബി കിരീടാവകാശിയും ഇറാന് പ്രസിഡന്റും തമ്മിലും കൂടിക്കാഴ്ചകള്‍ നടന്നു. കസാഖിസ്ഥാന്‍, ഈജിപ്ത്, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കൂടിക്കാഴ്ചകള്‍ക്കും ബ്രിക്സ് വേദിയിൽ തീരുമാനമായിട്ടുണ്ട്.
ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകള്‍ പരിഹരിക്കല്‍, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തല്‍, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ നയതന്ത്ര ധാരണകളിലൂടെ നേരിടല്‍ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊര്‍ജ മേഖലകളിലെ സഹകരണമാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്.
അതേസമയം, പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സമൂഹത്തിന് തീര്‍ത്തും അനുകൂലമല്ലെന്ന് ഷി ജിന്‍പിങ് തൻ്റെ ബ്രിക്സ് പ്രസംഗത്തില്ലോക നേതാക്കളോട് പറഞ്ഞു. ബ്രിക്സ് അതിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ആശയങ്ങളും വാഗ്ദാനങ്ങളും വെറുതേ പറയുകയല്ല, ഫലവത്തായ പ്രവര്‍ത്തനമാണ് ലോകം ഇപ്പോള്‍ നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മോദി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 'കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്ക് തീര്‍ച്ചയായും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്ത ആതിഥേയ രാജ്യമെന്ന നിലയില്‍ ചൈനയ്ക്ക് ഞാന്‍ ഒരിക്കല്‍ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു' സമാപന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
Content Highlights: BRICS summit in New Delhi concludes with the Delhi Declaration, emphasizing global peace, cooperation, and India handing over the presidency to China for 2027