കാലിഫോർണിയ: ആദ്യ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ച് ആപ്പിൾ. ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡ്യൂവോ' ആണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ മെഗാ ലോഞ്ച് ഇവന്റിലായിരുന്നു ടെക് ലോകം കാത്തിരുന്ന ആ ചരിത്രപ്രഖ്യാപനം എത്തിയത്. വിപണിയിലുള്ള ആൻഡ്രോയിഡ് ഫോൾഡബിൾ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് ഐഫോൺ ഡ്യൂവോ എത്തുന്നത്. മടക്കിവെക്കുമ്പോൾ ഏകദേശം ഒരു പാസ്പോർട്ടിന്റെ വലിപ്പത്തിലാണ് ഐഫോൺ ഡ്യൂവോ എത്തുന്നത്. ആപ്പിളിൻ്റെ പുതിയ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മെഗാ ലോഞ്ച് ഇവൻ്റിൽ പുതിയ ഐഫോൺ 18 പ്രോ സീരീസിന്റെ വിലയും റിലീസ് തീയതിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾക്കായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12ന് ആരംഭിക്കും. ആഗോളതലത്തിലുള്ള വിൽപ്പന സെപ്റ്റംബർ 18 മുതൽ ആരംഭിക്കും.
ആപ്പിൾ പാർക്കിലെ ‘സൺപ്രൈസ് ആൻഡ് ഷൈൻ എന്ന പേരിൽ നടന്ന ചടങ്ങിലാണ് ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്. കാലിഫോർണിയയിലെ ക്യൂപ്പർട്ടിനോയിൽ നടന്ന ചടങ്ങിന്റെ ആദ്യഭാഗം ആപ്പിൾ സിഇഒ ടിം കുക്ക് അവതരിപ്പിച്ചു. കമ്പനിയുടെ പുതിയ സിഇഒയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജോൺ ടെർണസ് ചടങ്ങിൽ പ്രധാന അവതാരകനായി. ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യൂവോവിനൊപ്പമാണ് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ അവതരിപ്പിച്ചത്. നേരത്തെ പ്രതീക്ഷിച്ചിരുന്നതുപോലെ, ഏറ്റവും പുതിയ A20 Pro ചിപ്പാണ് ഐഫോൺ 18 പ്രോ സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും ശക്തമായ സിലിക്കൺ ചിപ്പാണിതെന്നാണ് ആപ്പിളിന്റെ അവകാശവാദം. iOS 27 ആണ് പുതിയ മോഡലുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.
ക്യാമറയിലെ നിരവധി നവീകരണങ്ങൾ, പുതിയ കളർ ഓപ്ഷനുകൾ, ആപ്പിൾ ഇൻ്റലിജൻസിന് കീഴിൽ ലഭ്യമാകുന്ന വിവിധ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകളോടെയാണ് ഐഫോൺ 18 പ്രോ സീരീസ് എത്തുന്നത്. അമേരിക്കൻ വിപണിയിൽ 256GB സ്റ്റോറേജ് വേരിയന്റിന് ഐഫോൺ 18 പ്രോയുടെ വില 1,199 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. 256GB അടിസ്ഥാന വേരിയന്റിലുള്ള ഐഫോൺ 18 പ്രോ മാക്സിന്റെ വില 1,299 ഡോളറിൽ നിന്നാണ് ആരംഭിക്കുന്നത്. Burgundy, Glacier, Black, Silver എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഫോണുകൾ ലഭ്യമാകുക. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.ഐഫോൺ 18 പ്രോ മാക്സിന്റെ പ്രാരംഭ വില 1,79,900 രൂപയാണ്. 256GB, 512GB, 1TB, 2TB എന്നിങ്ങനെ നാല് സ്റ്റോറേജ് ഓപ്ഷനുകളിൽഐഫോൺ 18 പ്രോ. ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ ലഭ്യമാകും.
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിൽ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയിൽ അവതരിപ്പിച്ച പരിചിതമായ യുണിബോഡി ഡിസൈൻ തന്നെയാണ് തുടരുന്നത്. പിന്നിൽ മുഴുവൻ വീതിയിലും നീളുന്ന “ഫുൾ-വിത്ത് ക്യാമറ പ്ലാറ്റോ” ആണ് പ്രധാന ഡിസൈൻ സവിശേഷതകളിലൊന്ന്. ആപ്പിളിന്റെ മുൻനിര iഐഫോൺ ശ്രേണിയിൽ ആദ്യമായി, ഫ്രെയിമിനും ഫോണിന്റെ നിറവുമായി പൊരുത്തപ്പെടുന്ന ഫിനിഷാണ് നൽകിയിരിക്കുന്നത്. കൂടാതെ, Dynamic Island-ന്റെ വലുപ്പവും കുറച്ചിട്ടുണ്ട്. ഡിസ്പ്ലേയുടെ കാര്യത്തിൽ ഐഫോൺ 18 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR സ്ക്രീനാണ് നൽകിയിരിക്കുന്നത്. 120Hz വരെ പ്രോമോഷൻ റിഫ്രഷ് റേറ്റ് പിന്തുണ ഇതിനുണ്ട്. ഐഫോൺ 18 പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇതിലും സമാനമായ സവിശേഷതകളോടെയാണ് പ്രോമോഷൻ സാങ്കേതികവിദ്യ ലഭ്യമാകുന്നത്. രണ്ട് മോഡലുകൾക്കും കരുത്തേകുന്നത് പുതിയ A20 Pro ചിപ്സെറ്റാണ്. മുൻ മോഡലിനേക്കാൾ വലുപ്പം കൂട്ടിയ അടുത്ത തലമുറ വാപ്പർ ചേംബർ കൂളിങ് സംവിധാനവും ഇതോടൊപ്പമുണ്ട്. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും ശേഷിയേറിയ ഐഫോൺ പ്രോസസറാണിതെന്നാണ് ആപ്പിളിന്റെ അവകാശവാദം. മുൻ തലമുറകളെ അപേക്ഷിച്ച് 20 ശതമാനം വരെ വേഗതയേറിയ പ്രകടനം നൽകാനും A20 Pro-യ്ക്ക് സാധിക്കുമെന്ന് കമ്പനി പറയുന്നു.
ആറ് കോർ CPU-വും ആറ് കോർ GPU-വും ഉൾപ്പെടുന്നതാണ് പുതിയ ചിപ്സെറ്റ്. GPU-യിലെ ഓരോ കോറിലും പ്രത്യേക Neural Acceleratorകളും സജ്ജീകരിച്ചിട്ടുണ്ട്. iOS 27-നൊപ്പം ബീറ്റാ പതിപ്പിൽ പുറത്തിറങ്ങുന്ന സിരി ഐഐയുടെ സേവനങ്ങളും ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ആപ്പിൾ ഇൻ്റലിജൻസിൻ്റെ സാങ്കേതികവിദ്യയുടെ പിന്തുണയോടെ പൂർണമായും പുനർരൂപകൽപ്പന ചെയ്ത സിരി ആണ് സിരി ഐഐ. കൂടുതൽ വ്യക്തിഗതവും കാര്യക്ഷമവും സ്വാഭാവികമായ സംഭാഷണശേഷിയുമുള്ള അസിസ്റ്റന്റായാണ് പുതിയ സിരിയെ ആപ്പിൾ അവതരിപ്പിക്കുന്നത്. വ്യക്തിഗത വിവരങ്ങളും സന്ദർഭങ്ങളും മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന ശക്തമായ AI സംവിധാനമാണ് പുതിയ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രധാന പരിഗണന നൽകിക്കൊണ്ടുള്ള ഒരു ബുദ്ധിമാനായ വ്യക്തിഗത ഹബ്ബായി ഐഫോൺ പ്രവർത്തിക്കുന്ന തരത്തിലാണ് ഈ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.
ക്യാമറ വിഭാഗത്തിലും വലിയ നവീകരണമാണ് ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളിൽ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ ക്യാമറ അപ്ഗ്രേഡ് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. 48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് രണ്ട് പ്രോ മോഡലുകളിലും നൽകിയിരിക്കുന്നത്. വേരിയബിൾ അപ്പർച്ചറും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലെൻസും പ്രധാന ക്യാമറയുടെ സവിശേഷതകളാണ്. രാത്രികാല ഫോട്ടോഗ്രഫിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആസ്ട്രോഫോട്ടോഗ്രാഫി പോലുള്ള ഫീച്ചറുകളിലും ഇതിലൂടെ കൂടുതൽ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.
Content Highlights: Apple has introduced the iPhone Duo foldable smartphone and announced the price and release date details for the iPhone 18 Pro series.