2035ല്‍ നാലാം തലമുറ യുദ്ധവിമാനം മതിയാകുമോ? തേജസ് Mk2നെ ചോദ്യം ചെയ്ത് വ്യോമസേന മുന്‍ വൈസ് ചീഫ് എയര്‍ മാര്‍ഷൽ

മുന്‍നിര യുദ്ധവിമാനമെന്ന നിലയില്‍ തേജസ് എംകെ 2 അന്ന് കാര്യമായ പ്രസക്തിയുള്ളത് ആയിരിക്കില്ലെന്നാണ് നാഗേഷ് കപൂറിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് യുദ്ധവിമാന പദ്ധതിയെ വിമര്‍ശിച്ച് വ്യോമസേന മുന്‍ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ നാഗേഷ് കപൂര്‍ രംഗത്ത്. 2030കളുടെ മധ്യത്തോടെയാണ് വിമാനം പ്രവര്‍ത്തന രംഗത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. മുന്‍നിര യുദ്ധവിമാനമെന്ന നിലയില്‍ തേജസ് എംകെ 2 അന്ന് കാര്യമായ പ്രസക്തിയുള്ളത് ആയിരിക്കില്ലെന്നാണ് നാഗേഷ് കപൂറിന്റെ വിമര്‍ശനം. സർവീസിൽ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് നാഗേഷ് കപൂറിൻ്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.

2035ല്‍ ഇന്ത്യ നാലാം തലമുറ യുദ്ധവിമാനം ഉപയോഗിക്കുന്നത് യുക്തിസഹമാണോ എന്നത് പ്രസക്തമാണ്. അതേസമയം ചൈന ആറാം തലമുറ വിമാനങ്ങളിലേക്ക് നീങ്ങുകയും പാകിസ്ഥാന്‍ അഞ്ചാം തലമുറ വിമാനങ്ങള്‍ പരിഗണിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ F22, ചൈനയുടെ J-20 തുടങ്ങിയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ റഡാറില്‍ കണ്ടെത്താന്‍ പ്രയാസമുള്ള സാങ്കേതികവിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, സെന്‍സര്‍ ഫ്യൂഷന്‍, ആയുധങ്ങള്‍ വിമാനത്തിനുള്ളില്‍ വഹിക്കാനുള്ള ശേഷി എന്നിവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ഇതിന് പുറമെ ചൈനയുടെ J-36, J-50 പോലുള്ള ആറാം തലമുറ വിമാനങ്ങള്‍ എഐ അധിഷ്ഠിതമായി സ്വയമായി പ്രവര്‍ത്തിക്കുന്നവയാണ്.

നിലവില്‍ ഇന്ത്യയ്ക്ക് അഞ്ചാം തലമുറയിലോ ആറാം തലമുറയിലോ പെട്ട യുദ്ധവിമാനങ്ങളില്ല. 2030ഓടെ ചൈന 500ഓളം J20 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വിന്യസിക്കുന്ന നിലയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍. എന്നാല്‍ തേജസ് എംകെ2 പോലുള്ള നാലാം തലമുറ വിമാനങ്ങള്‍ക്ക് മുൻനിരയിൽ നിന്നല്ലാതെ പ്രധാനപ്പെട്ട ചില ചുമതലകള്‍ വഹിക്കാനാവും. അഞ്ചാം, ആറാം തലമുറ വിമാനങ്ങള്‍ക്ക് സാധിക്കാത്ത ചില നീക്കങ്ങളിൽ നാലാം തലമുറ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവുമെന്നാണ് നാഗേഷ് കപൂര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം തേജസ് വിമാനങ്ങള്‍ നിര്‍മിക്കുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനരീതിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നിലവില്‍ കമ്പനി തേജസ് എംകെ1 വിമാനങ്ങള്‍ ആവശ്യമായ അത്രയും ലഭ്യമാകാത്തത് വലിയ ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ ശേഷിയുള്ള യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശീയ വികസനമാണ് രാജ്യത്തിന് ആവശ്യമെങ്കിലും അതിനായി എത്രകാലം കാത്തിരിക്കണമെന്നത് പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തേജസ് പ്രോട്ടോടൈപ്പ് ആദ്യമായി പറന്നത് 2001ലാണ്. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന 40 തേജസ് എംകെ1 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 2021ല്‍ ഏകദേശം 46,000 കോടി രൂപയുടെ കരാറില്‍ കൂടുതല്‍ വികസിപ്പിച്ച തേജസ് Mk-1Aയുടെ 83 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നിലവില്‍ ഒരു തേജസ് Mk-1A പോലും വ്യോമസേനയ്ക്ക് കൈമാറിയിട്ടില്ല. യുഎസില്‍ നിര്‍മിക്കുന്ന ജനറല്‍ ഇലക്ട്രിക്ക് F404-IN20 എന്‍ജിനുകളുടെ വിതരണം ഉല്‍പ്പാദന വേഗത്തിനനുസരിച്ച് മുന്നേറാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന്. അതേസമയം റഡാര്‍, ഏവിയോണിക്‌സ്, ആയുധ സംവിധാനങ്ങള്‍ എന്നിവയുടെ സംയോജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് പരിഹരിച്ചുവരികയാണ്.

Content Highlights: Former IAF Vice Chief Air Marshal Nagesh Kapoor says Tejas Mk-2 may lack frontline relevance by the mid-2030s as China advances toward sixth-generation fighters

To advertise here,contact us