ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പൽ സ്ഫോടനം; നാവിക മൈനിൽ ഇടിച്ചെന്ന് ഇറാനിയൻ മാധ്യമങ്ങൾ

സംഭവത്തിൽ ഇറാനിയൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പൽ നാവിക മൈനിൽ ഇടിച്ച് സ്ഫോടനമുണ്ടായി. ഇറാനിയൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാൻ നിർദേശിച്ച പാതയിൽ നിന്ന് മാറി സഞ്ചരിച്ചതിനെ തുടർന്നാണ് എണ്ണക്കപ്പൽ നാവിക മൈനിൽ ഇടിച്ച് സ്ഫോടനമുണ്ടായതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ അധികൃതരുമായി ഏകോപനം നടത്താതെയാണ് കപ്പൽ സഞ്ചരിച്ചതെന്നും, ഇറാൻ സായുധസേന നിർദേശിച്ച മാർഗത്തിൽ നിന്ന് വ്യതിചലിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാൻ അധികൃതരുമായി പൂർണമായും ഏകോപനം നടത്തണമെന്നും,അവർ നിർദേശിച്ച കടൽപാതകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തെഹ്‌റാൻ അംഗീകരിച്ച പാത വിട്ടതിന് ശേഷമാണ് കപ്പൽ മൈനിൽ ഇടിച്ചതെന്നാണ് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സംഭവത്തിൽ ഇറാനിയൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പൽ സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും മാധ്യമങ്ങൾ അറിയിച്ചു.

ഇതിനിടെ അമേരിക്കൻ ആക്രമണത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം വേഗത്തിലാക്കാൻ ഇറാൻ പ്രസിഡന്റ് നിർദ്ദേശം നൽകിയതായാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച റെയിൽപാതകളും അന്തർദേശീയ ഗതാഗത ഇടനാഴികളും ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണം വേഗത്തിലാക്കാനാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നിർദേശം നൽകിയിരിക്കുന്നത്. അയൽരാജ്യങ്ങളുമായുള്ള റെയിൽ ബന്ധം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം തന്ത്രപ്രധാനമാണെന്നും പെസഷ്കിയാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇറാൻ നയത്തിൽ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിനും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് റിപ്പോർട്ടുകളും ഇതിനിടെ പുറത്ത് വന്നു. ഇറാനെതിരായ സൈനിക നടപടികൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നതിനിടെയാണ് ഇരുവരും വിയോജിപ്പുമായി രം​ഗത്ത് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനെക്കുറിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ആശങ്ക പ്രകടിപ്പിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ 13 ദിവസത്ത തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ വെള്ളിയാഴ്ച രാത്രി മുതൽ അമേരിക്ക ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക താത്കാലികമായി നിർത്തിവെച്ചിരുന്നു. ഈ ആഴ്ച ഇറാനെതിരെ വലിയ ആക്രമണം പരിഗണിക്കുന്നതായി ട്രംപ് നേരത്ത പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാൽ ചർച്ചകൾ തുടരാൻ തന്റെ പ്രതിനിധികൾക്ക് ട്രംപ് രഹസ്യനിർദ്ദേശം നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Content Highlights: An oil tanker exploded in the Strait of Hormuz according to Iranian media. The incident has raised fresh concerns over maritime security and global oil shipping through the strategic waterway.

To advertise here,contact us