ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 11-ാം ദിവസം പിന്നിടുന്നതോടെ എണ്ണവില ഉയരുന്നു

ന്യുഡൽഹി: തുടർച്ചയായ 11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക.ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകളെ ഇറാൻ ആക്രമിച്ചതായും ഇതിലൂടെ നൂറുകണക്കിന് നിരപരാധികളായ നാവികരുടെ സുരക്ഷ അപകടത്തിലായെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യം ദുർബലമായെന്നും യു എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. നിലവിലെ സംഘർഷാവസ്ഥയിലും ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. മെയ് ആദ്യം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കൻ സേന സഹായം നൽകിയതായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സമയം പുലർച്ചെ 2.40-ഓടെ നടന്ന ആക്രമണം നഗരത്തിന് സമീപത്തെ സൈനിക മേഖലയെയാണ് ലക്ഷ്യമിട്ടതെന്നാണ് പ്രദേശിക അധികൃതരെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ബെഹ്ബഹാൻ, ഒമീദിയെ നഗരങ്ങൾക്ക് സമീപമുള്ള മേഖലകളിലും അമേരിക്കൻ മിസൈൽ ആക്രമണം ഉണ്ടായതായും ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെഹ്റാന്റെ പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക് മേഖലകളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായതിന്റെ ശബ്ദം കേട്ടതായാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്.

ആണവ കേന്ദ്രങ്ങളെയോ മറ്റ് സുപ്രധാന കേന്ദ്രങ്ങളെയോ അമേരിക്ക ആക്രമിച്ചാൽ അത് യുദ്ധത്തിന്റെ വ്യാപനമായി കണക്കാക്കുമെന്നാണ്ഇറാന്റെ സായുധസേനയുടെ സംയുക്ത ഓപ്പറേഷൻസ് കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വ്യക്തമാക്കിയിരിക്കുന്നത്.അത്തരം സാഹചര്യമുണ്ടായാൽ അമേരിക്കയുടെയും അതിന്റെ സഖ്യരാജ്യങ്ങളുടെയും എല്ലാ താൽപര്യങ്ങളും ഇറാന്റെ സായുധസേന ശക്തമായ ആക്രമണത്തിന് വിധേയമാക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആക്രമണകാരനെ ശിക്ഷിക്കുന്ന സൈനിക നടപടി തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ശൃംഖലയായ ഐആർഐബി സംപ്രേഷണം ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക തുടർച്ചയായി 11-ാം രാത്രിയും ഇറാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഐആർജിസിയുടെ പ്രതികരണം.

കുവൈത്ത്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ എത്തിയ ആക്രമണങ്ങൾ തടഞ്ഞതായി അറിയിച്ചിട്ടുണ്ട്. അതേസമയം സൗദി അറേബ്യയുടെ കപ്പലുകൾ ചെങ്കടൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് യെമനിലെ ഇറാൻ അനുകൂല ഹൂത്തി സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ ജോർദാനിലെ ആക്രമണത്തിൽ മരിച്ചതായി കരുതുന്ന അമേരിക്കൻ സൈനികനെ തിരിച്ചറിഞ്ഞതായി പെന്റഗൺ അറിയിച്ചു. ന്യൂയോർക്കിലെ ഓസോൺ പാർക്ക് സ്വദേശിയായ 28-കാരനായ സർജന്റ് ഏയ്ഞ്ചൽ എസ് റാംപെർസാഡാണ് 2026 ജൂലൈ 17-ന് ജോർദാനിലെ മുവാഫ്ഫഖ് സാൽത്തി എയർ ബേസിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റാംപെർസാഡിനെ നേരത്തെ യുഎസ് സെൻട്രൽ കമാൻഡ് കാണാതായ സൈനികനായി കണക്കാക്കിയിരുന്നു. ജർമ്മനിയിലെ ആൻസ്ബാഖ് ആസ്ഥാനമായുള്ള യൂണിറ്റിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നതെന്നും പെന്റഗൺ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം 11-ാം ദിവസം പിന്നിടുന്നതോടെ എണ്ണവിലയും ഉയരുന്നതായാണ് റിപ്പോർട്ട്. അമേരിക്കയുടെ ഇറാനിലേക്കുള്ള തുടർച്ചയായ ആക്രമണങ്ങൾക്കിടെ ആഗോള എണ്ണവിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ശക്തമായതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നേരിയ തോതിൽ ഉയർന്നതെന്നാണ് റിപ്പോർട്ട്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 50 സെന്റ് (0.55 ശതമാനം) ഉയർന്ന് 91.51 ഡോളറിലെത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 30 സെന്റ് (0.36 ശതമാനം) വർധിച്ച് 84.64 ഡോളറിലെത്തിയതായും റിപ്പോർട്ടുണ്ട്.

ഇറാനിലെ 'പിക്കാക്സ് മൗണ്ടൻ' ആണവ കേന്ദ്രത്തിന് നേരെ ശക്തമായ ആക്രമണം ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 'പിക്കാക്സ് മൗണ്ടൻ' പ്രദേശത്ത് അമേരിക്ക വളരെ പെട്ടെന്ന് തന്നെ ശക്തമായ ആക്രമണം നടത്തും. അതിനെ തടയാൻ ഇറാന് ഒന്നും ചെയ്യാനാവില്ല. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു കാര്യം മുൻകൂട്ടി പറയാറില്ല. എതിരാളികൾക്ക് അത് തടയാൻ കഴിയുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ പറയില്ലായിരുന്നു' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഇറാൻ ഈ കേന്ദ്രത്തിലേക്ക് ആണവ സെൻട്രിഫ്യൂജുകൾ മാറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിനോടും ട്രംപ് പ്രതികരിച്ചിരുന്നു. 'അതിന് വ്യക്തമായ തെളിവ് ഞങ്ങളുടെ കൈവശമില്ല. എന്നാൽ ആണവ വസ്തുക്കളുടെ നീക്കമാണ് ഞങ്ങൾ നിരീക്ഷിക്കുന്നത്. അതാണ് നിർണായകം' എന്നായിരുന്നു ട്രംപിൻ്റെ മറുപടി. മധ്യ ഇറാനിലെ നത്താൻസിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കായാണ് ഈ ഭൂഗർഭ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ആണവ ഇന്ധനം നിർമ്മിക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള ഭാവി സൗകര്യമെന്ന നിലയിലുള്ളതാണ് ഈ കേന്ദ്രമെന്ന് 2020-ൽ ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു. റേഡിയോ അവതാരകനായ ഹ്യൂ ഹ്യൂയിറ്റിന് കഴിഞ്ഞ ആഴ്ച നൽകിയ അഭിമുഖത്തിലും പിക്കാക്സ് മൗണ്ടനെ ഉടൻ തന്നെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കയിലെ വരാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പോ ഇറാനുമായുള്ള സംഘർഷമോ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിനോടായിരുന്നു ട്രംപിൻ്റെ പ്രതികരണം. 'അത് എന്നെ ഒരു തരത്തിലും ബാധിക്കില്ല. ഞാൻ ശരിയായ കാര്യമാണ് ചെയ്യുക. തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്ന ചിന്തയോടെയല്ല ഞാൻ തീരുമാനങ്ങൾ എടുക്കുന്നത്. അതിന് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. വിദേശകാര്യത്തിലെ നയപരമായ തന്റെ നടപടികൾക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, ഈ വർഷം ആദ്യം വെനസ്വേലയിൽ നടത്തിയ അമേരിക്കൻ നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിൻ്റെ പ്രതികരണം.

Content Highlights: The United States continues military strikes in Iran as tensions escalate. Iran warns it will expand the conflict if its nuclear facilities are attacked, raising fears of a broader regional war.

To advertise here,contact us