ബാങ്കോക്ക് തീപിടിത്തം: മരണം 28 ആയി, 71 പേർക്ക് പരിക്ക്, 25 പേരുടെ നില ഗുരുതരം

എയര്‍ കണ്ടീഷനിലെ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

ബാങ്കോക്ക്: തായ്‌ലന്‍ഡിൽ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരണം 28 ആയി. അപകടത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റു. 25 പേരുടെ നില ഗുരുതരമാണ്. ബാങ്കോക്കിലെ ചാടുചക് ജില്ലയിലുള്ള റോങ് ബീയര്‍ നാ ലാത് പ്രാവോ എന്ന ബാറിലാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷനിലെ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ബാങ്കോക്കിലെ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എമര്‍ജന്‍സി എക്‌സിറ്റ് പ്രവര്‍ത്തന രഹിതമായിരുന്നെന്നും പുക കാരണം ആര്‍ക്കും പുറത്തേക്കുള്ള വഴികള്‍ പോലും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടിത്തം അതിവേഗം വ്യാപിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഉടന്‍ തന്നെ വെദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും പ്രദേശമാകെ പുക പടര്‍ന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ പിന്‍വശത്തും ടോയ്‌ലറ്റുകളിലും അഭയം തേടിയവരാണ് മരിച്ചവരില്‍ ഏറെയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പബ്ബിലെ സാധനങ്ങള്‍ എല്ലാം തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളിലാണ് തീ അപകടകരമായ രീതിയില്‍ പടര്‍ന്ന് പിടിച്ചതെന്നാണ് പബ്ബില്‍ പെര്‍ഫോം ചെയ്യുകയായിരുന്ന പാട്ടുകാരന്‍ പ്രതികരിച്ചത്. സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും പെട്ടെന്ന് തന്നെ തീയും പുകയും നിറഞ്ഞെന്നും അദ്ദേഹം പറയുന്നു.

തായ്‌ലന്‍ഡ് പ്രധാനമന്ത്രി അനൂടിന്‍ ചാഹ്ന്വീരാകൂന്‍ അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Content Highlights: The death toll from the Bangkok fire has climbed to 28. Authorities said 71 people were injured, with 25 of them in critical condition, as rescue and investigation efforts continue.

To advertise here,contact us