പാരിസ്: അമേരിക്കയ്ക്ക് ഇറാനിൽ നിക്ഷേപം നടത്തേണ്ട യാതൊരു ബാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ്. “ഞങ്ങൾ ഇറാനിൽ ഒരു ഡോളർ പോലും നിക്ഷേപിക്കുന്നില്ല. ഇറാനുമായി ഉണ്ടായ കരാറിന്റെ പ്രധാന ലക്ഷ്യം, ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താതിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം നേടാൻ ശ്രമിച്ചാൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ ആണവായുധം കൈവശപ്പെടുത്തില്ലെന്ന് കരാർ ഉറപ്പുനൽകുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. തെഹ്റാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ഇറാനുമായുള്ള കരാറെന്നും ട്രംപ് പറഞ്ഞു. ലെബനനുമായി ബന്ധപ്പെട്ട ഇസ്രായേലിന്റെ നയങ്ങളെയും ഡോണൾഡ് ട്രംപ് വിമർശിച്ചു. ഇറാനുമായുള്ള കരാർ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഇറാനുമായുള്ള കരാർ പൂർത്തിയായിക്കഴിഞ്ഞു. അത് വിജയകരമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി അത് രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ആ ഘട്ടം ആദ്യത്തേതിനെക്കാൾ എളുപ്പമായിരിക്കുമെന്നാണ് എന്റെ വിലയിരുത്തൽ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
റഷ്യൻ എണ്ണയ്ക്കെതിരായ ഉപരോധം വീണ്ടും ഏർപ്പെടുത്താൻ അമേരിക്കയ്ക്ക് ഉടൻ കഴിയുമെന്ന മുന്നറിയിപ്പും ഡോണൾഡ് ട്രംപ് നൽകി. ഇറാനുമായി ഉണ്ടായ കരാറിനെ തുടർന്ന് പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുകയും ഹോർമൂസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഉടൻ തന്നെ റഷ്യൻ എണ്ണയ്ക്കെതിരായ ഉപരോധം പുനഃസ്ഥാപിക്കാൻ കഴിയും എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. റഷ്യൻ എണ്ണ കയറ്റുമതിക്കപ്പലുകൾക്ക് അമേരിക്ക മുമ്പ് നൽകിയിരുന്ന ഉപരോധ ഇളവ് യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഇതിനിടെ ലെബനനിലെ ഇസ്രായേൽ സാന്നിധ്യം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത് വന്നിട്ടുണ്ട്. ഇറാനുമായുള്ള യുദ്ധാവസാന കരാറിന്റെ ഭാഗമായി ലെബനനിലെ ഇസ്രായേൽ സൈനിക സാന്നിധ്യവും അവസാനിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ഇറാനിയൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. വിദേശ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ-ഇറാൻ അടുത്തഘട്ട ചർച്ചകളിൽ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ ശക്തമായി ആവശ്യപ്പെടുമെന്ന ഉറപ്പ് തങ്ങൾക്ക് ലഭിച്ചതായി ഹിസ്ബുള്ള അറിയിച്ചിട്ടുണ്ട്. റോയിറ്റേഴ്സ് വാർത്താ ഏജൻസിയാണ് ഹിസ്ബുള്ളയുടെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം ഹിസ്ബുള്ള ജനറൽ സെക്രട്ടറി നയീം ഖാസിം ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫിനോട് നന്ദി അറിയിച്ചു. ഹിസ്ബുള്ള അനുബന്ധ മാധ്യമമായ അൽ-മനാർ ടിവിയുടെ ടെലഗ്രാം പോസ്റ്റിലാണ് ലെബനനോടുള്ള അദ്ദേഹത്തിന്റെ “ശക്തവും പിന്തുണയേറിയതുമായ നിലപാടിന്” ഖാസിം നന്ദി രേഖപ്പെടുത്തിയത്. കൂടാതെ, അമേരിക്ക-ഇറാൻ കരാറിന്റെ അടിസ്ഥാന വ്യവസ്ഥകളിലൊന്നായി ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് മുഹമ്മദ് ബാഘർ ഖാലിബാഫ് ശക്തമായി ആവശ്യപ്പെട്ടതായും ഖാസിം വ്യക്തമാക്കി.
Content Highlights: Donald Trump stated that the objective is not to invest a single dollar in Iran and to ensure that Iran never acquires nuclear weapons. The remarks highlight his administration's long-standing stance on Iran's nuclear ambitions and U.S. foreign policy.