ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

ടൂ‍ർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഇറാനിയൻ ടീമിനുള്ള അമേരിക്കൻ വിസ ലഭിക്കാത്തത് ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി

അങ്കാറ: 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നൽകിയതെന്നാണ് ഐആർഐബിയുടെ റിപ്പോർട്ട്. നിലവിൽ തുർക്കിയിൽ പരിശീലനത്തിലാണ് ഇറാനിയൻ ദേശീയ ഫുട്ബോൾ ടീം. കളിക്കാർ നേരിട്ട് ഹാജരാകാതെയും മെക്സിക്കൻ എംബസിയിൽ വിരലടയാളം രേഖപ്പെടുത്താതെയും 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ദേശീയ ടീം കളിക്കാർക്കുള്ള വിസകൾ നൽകി എന്നാണ് മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഇതിനിടെ ടൂ‍ർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഇറാനിയൻ ടീമിനുള്ള അമേരിക്കൻ വിസ ലഭിക്കാത്തത് ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. പ്രധാന തടസ്സം യുഎസ് വിസയാണ്. പ്രക്രിയ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഞങ്ങൾക്ക് അറിയില്ല. മറ്റ് തടസ്സങ്ങളൊന്നുമില്ല, ഈ വിഷയത്തിൽ ഞങ്ങളും ഫിഫയും തുടർനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെഹ്ദി താജിനെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. വിരലടയാളം രേഖപ്പെടുത്താതെ ടീമിന് വിസ നൽകാൻ മെക്സിക്കൻ അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ മാത്രമേ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നുള്ളൂവെന്നും മണിക്കൂറുകൾക്കുള്ളിൽ ഇത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മെഹ്ദി താജ് കൂട്ടിച്ചേ‍ർത്തു.

ലോകകപ്പ് സമയത്ത് മെക്സിക്കോയിലെ ടീമിന്റെ താവളത്തിനും ലോസ് ഏഞ്ചൽസിനും ഇടയിൽ വിമാന യാത്ര ക്രമീകരിക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും താജ് വ്യക്തമാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചൽസിലേക്കുള്ള ദൂരം റോഡ് മാർഗം മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ്, പക്ഷേ വിമാനമാർഗ്ഗം 45 മിനിറ്റ് മാത്രമേ എടുക്കൂ. ഞങ്ങൾ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്, ഫിഫയുമായുള്ള ഞങ്ങളുടെ കരാർ പ്രധാനമാണ് എന്നായിരുന്നു താജിൻ്റെ പ്രതികരണം.

ചൊവ്വാഴ്ച വൈകിയോ ബുധനാഴ്ച പുലർച്ചെയോ വിസ നൽകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിക്കുന്നതായി ഇറാനിയൻ ഫുട്ബോൾ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന് മെക്സിക്കൻ വിസ ലഭിച്ചിരിക്കുന്നത്. ഇറാൻ ദേശീയ ടീം കളിക്കാർക്ക് ഇന്ന് രാത്രിയോ നാളെ രാവിലെയോ വിസ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ വക്താവ് അമീർ മെഹ്ദി അലവി ചൊവ്വാഴ്ച പ്രതികരിച്ചത്.. ജൂൺ 6 ന് ദേശീയ ടീം പ്രതിനിധി സംഘം മെക്സിക്കൻ നഗരമായ ടിജുവാനയിലേക്ക് പുറപ്പെടുമെന്ന് അലവി പറഞ്ഞിരുന്നു.

ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിൻ്റെ വിസയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു. ഇറാൻ ടീം അടുത്തിടെ അവരുടെ ടീം ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ താമസിച്ച് കൊണ്ട് ഇറാനിയൻ ടീം അമേരിക്കയിലെ മത്സരങ്ങൾക്കായി പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീമിനായി തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്.

ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ​ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും.

Content Highlights: Reports indicate that the Iranian national football team has received Mexican visas ahead of FIFA World Cup-related activities. The development is expected to facilitate the team's travel and participation in events connected to the tournament.

To advertise here,contact us