ട്രംപിന്റെ ഭീഷണി പൊളിഞ്ഞു? ചൈനീസ് കപ്പലിന് പിന്നാലെ ഹോർമൂസ് കടന്ന് കൂടുതൽ കപ്പലുകൾ

അമേരിക്കൻ ഉപരോധം നിലനിൽക്കെയാണ് ചൈനീസ് കപ്പലിന് പിന്നാലെ മറ്റ് കപ്പലുകളും ഹോർമൂസ് കടന്നെന്ന റിപ്പോർട്ടുകൾ വരുന്നത്

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ കടലിടുക്ക് കടന്ന് മൂന്ന് കപ്പലുകൾ. അമേരിക്കൻ ഉപരോധം നിലനിൽക്കെയാണ് ചൈനീസ് കപ്പലിന് പിന്നാലെ മറ്റ് കപ്പലുകളും ഹോർമൂസ് കടന്നെന്ന റിപ്പോർട്ടുകൾ വന്നത്. ഇറാൻ എണ്ണക്കടത്തിൻ്റെ പേരിൽ യുഎസ് ഉപരോധം നേരിടുന്ന റിച്ച് സ്റ്റാറി, മുരളികിഷൻ എന്നീ കപ്പലുകളാണ് ഇന്ന് ഹോർമുസിലൂടെ കടന്നുപോയത്. പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗൾഫ് കപ്പലും ഹോർമുസ് കടന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം ഇറാൻ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകളല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യംവെക്കാതിരുന്നതെന്നാണ് യുഎസ് സേനയുടെ പ്രതികരണം. പാകിസ്‌താൻ്റെ മധ്യസ്ഥതയിലുള്ള ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ച കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹോർമൂസിൽ ഉപരോധം ഏർപ്പെടുത്തിയത്.

ഏകദേശം 2,50,000 ബാരൽ മെഥനോളുമായാണ് ചൈനീസ് കപ്പൽ ഹോർമൂസ് കടന്നത്. യുഎഇയിലെ ഹംരിയ തുറമുഖത്ത് നിന്ന് ചരക്ക് കയറ്റിയ കപ്പലിൽ ചൈനീസ് പൗരന്മാരാണുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ഉപരോധത്തിന്റെ ആദ്യദിനം തന്നെ ഹോർമുസ് കടന്ന ചൈനീസ് കപ്പലിൻ്റെ നീക്കം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

അതേസമയം, യുഎസിൻ്റേത് അപകടകരമായ നീക്കമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. 'ഹോർമുസ് മേഖലയിൽ ആയുധങ്ങളുമായി കറങ്ങുന്ന യുഎസ് പടക്കപ്പലുകൾ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയേയുള്ളൂ. മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥ ലോകരാജ്യങ്ങളുടെ കപ്പലുകളെയും കപ്പൽപാതയെയും അപകടകരമായ സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കും' എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഹോർമുസ് കടലിടുക്കിൽ യുഎസിൻ്റെ ഉപരോധം ആരംഭിച്ചത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യുഎസ് വ്യക്തമാക്കിയിരുന്നത്. നിശ്ചിത സമയപരിധി അവസാനിച്ചതോടെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവും പോക്കും യുഎസ് സെൻട്രൽ കമാൻഡ് തടയുമെന്ന് പ്രഖ്യാപിച്ചത്.

Content highlights: Three ships passed through the Strait of Hormuz on the first day of US President Donald Trump's blockade

To advertise here,contact us