ദുർഘടഘട്ടത്തിലും ഇന്ത്യ ഉറ്റസുഹൃത്ത്; ഹോർമുസ് കടക്കാൻ ഇന്ത്യൻ കപ്പലുകൾക്ക് ടോളില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

ഇന്ത്യൻ കപ്പലുകൾ ടോൾ നൽകേണ്ടെന്ന് ഇറാൻ

ന്യൂ ഡൽഹി: ഹോർമുസ് കടലിടുക്ക് കടക്കുന്ന ഇന്ത്യൻ കപ്പലുകൾ ടോൾ നൽകേണ്ടെന്ന് ഇറാൻ. ഇന്ത്യൻ കപ്പലുകൾക്ക് ടോൾ നൽകേണ്ടിവന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ടാണ് ഇറാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇന്ത്യയിലെ ഇറാൻ പ്രതിനിധി മുഹമ്മദ് ഫത്താലിയാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

ഇറാൻ എന്തെങ്കിലും ടോൾ ഏർപ്പെടുത്തിയോ എന്ന് സർക്കാരിനോട് ചോദിച്ചുനോക്കൂ എന്നാണ് ഫത്താലി പ്രതികരിച്ചത്. ഇറാന് ഇന്ത്യയുമായി നിലവിലെ മോശം സാഹചര്യത്തിലും നല്ല ബന്ധമാണ് ഉള്ളത്. ഇന്ത്യയും ഇറാനും ഒരേ താത്പര്യമാണ് കൈക്കൊള്ളുന്നത് എന്നും ഫത്താലി പറഞ്ഞു. ഇത്രയേറെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയെ സുഹൃദ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇറാൻ വിദേശകാര്യമന്ത്രി ഉൾപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോർമൂസിൽ കൂടി കടന്ന് പോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനേയും തടഞ്ഞ് പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്ക.സംഘർഷ ബാധിത പ്രദേശം കടക്കാൻ ശ്രമിക്കുന്ന കപ്പലിനെ പിടിച്ചെടുക്കുമെന്നാണ് യുഎസിൻ്റെ ഭീഷണി. കപ്പലിൻ്റെ പതാക പരി​ഗണിക്കാതെ തടയുമെന്നും യുഎസ് സെൻട്രൽ കമാൻഡിൻ്റെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഹോർമൂസിൻ്റെ ഉപരോധിക്കപ്പെട്ട പ്രദേശത്തേക്ക് അംഗീകാരമില്ലാതെ പ്രവേശിക്കുകയോ പോകുകയോ ചെയ്യുന്ന ഏതൊരു കപ്പലും തടയാനും വഴിതിരിച്ച് വിടാനും പിടിച്ചെടുക്കാനുമാണ് അമേരിക്കയുടെ തീരുമാനം എന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്.

എന്നാൽ എന്തുതരത്തിലുള്ള സമ്മർദങ്ങളുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോർമൂസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. ഹോർമൂസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ലെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ബിബിസി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ ആയിരുന്നു പ്രതികരണം. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കാഴ്‌ചപ്പാടിൽ, കടലിടുക്ക് പൂർണ്ണമായും തുറന്നിടേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഞങ്ങൾ അതിനായുള്ള ശ്രമങ്ങളിലാണ്, അത് തുടരുകയും ചെയ്യും," എന്നും സ്റ്റാർമർ വ്യക്തമാക്കി.

Content Highlights: Iran denies reports of toll charges on Indian ships passing through the Strait of Hormuz.

To advertise here,contact us