ഖമനയി എപ്പോൾ, എവിടെ ഉണ്ടാകുമെന്നടക്കം CIAക്ക് വിവരം കിട്ടി, ആക്രമണം കൃത്യമായ പ്ലാനിങ്ങോടെ; റിപ്പോർട്ട്

കൃത്യമായ വിവരങ്ങളാണ് സിഐഎക്ക് ലഭിച്ചുകൊണ്ടിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിക്കാൻ യുഎസ് ഇസ്രയേൽ സഖ്യത്തിന് വേണ്ടിവന്നത് മാസങ്ങളുടെ തയ്യാറെടുപ്പ് എന്ന് റിപ്പോർട്ട്. സിഐഎ മാസങ്ങളോളം ഖമനയിയെ നിരീക്ഷിക്കുകയും ഖമനയിയുടെ ഓരോ നീക്കങ്ങളും മനസിലാക്കുകയും ചെയ്തുവെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൃത്യമായ വിവരങ്ങളാണ് സിഐഎക്ക് ലഭിച്ചുകൊണ്ടിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖമനയി ഫെബ്രുവരി 28ന് ഇറാനിലെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സിഐഎക്ക് വിവരം ലഭിച്ചു. ഉപദേശകരും സൈനിക മേധാവികളും അടക്കം ആ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നും വിവരം ലഭിച്ചു ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരു രാജ്യങ്ങളും പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരുന്നത്.

എന്നാൽ പൊടുന്നനെയാണ് പദ്ധതിയിൽ മാറ്റം വന്നത്. ശനിയാഴ്ച വൈകുന്നേരം നിശ്ചയിച്ച കൂടിക്കാഴ്ച അന്ന് കാലത്തേയ്ക്ക് മാറ്റി. ഖമനയി കൂടിക്കാഴ്ചയ്ക്കുണ്ടാകുമെന്നും വിവരം കിട്ടി. ഇതറിഞ്ഞ യുഎസും ഇസ്രയേലും ആക്രമണം നേരത്തേയാക്കുകയായിരുന്നു. നിർണായകമായ ആ ആക്രമണത്തിൽ ഖമനയി കൊല്ലപ്പെടുകയും ചെയ്‌തു.

ഇസ്രയേൽ സമയം കാലത്ത് ആറ് മണിയോടെയാണ് ദൗത്യം ആരംഭിച്ചത് എന്നാണ് റിപ്പോർട്ട്. ലോങ്ങ് റേഞ്ച് മിസൈലുകൾ അടക്കമുള്ള യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ നിന്ന് പറന്നുപൊങ്ങി. ഇറാൻ സമയം 9.40ന് ഖമനയിയുടെ കൊട്ടാരത്തിൽ ഇസ്രയേൽ യുദ്ധവിമാനം ബോംബുകൾ വർഷിച്ചു. ഇറാന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച ആക്രമണമായിരുന്നു നടന്നതെന്നും ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടുവെന്ന് നേരത്തെ ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖമനയിയുടെ കൊട്ടാരം തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content Highlights: International media report that the US Israel operation targeting Ayatollah Ali Khamenei involved months of preparation and CIA surveillance before the strike.

To advertise here,contact us