ചെപ്പോക്കിലെ തലയ്ക്കൊപ്പം ചേട്ടനും; സീസണിൽ കംബാക്കിന് ചെന്നൈ സൂപ്പർ കിംഗ്സ്

കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായതിന്റെ നാണക്കേട് മാറ്റാൻ റുതുരാജ് ​ഗെയ്ക്വാദ് നയിക്കുന്ന ടീമിന്റെ ലക്ഷ്യം കിരീടം മാത്രം

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇരമ്പിയാ‍ർക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സിയിൽ സഞ്ജു സാംസണും മഹേന്ദ്ര സിങ് ധോണിയും ഇറങ്ങുന്നു. സ്വപ്നസമാനമായ ഈ രം​ഗമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ സീസണെ സംതിങ് സ്പെഷ്യലാക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത അവിശ്വസനീയ പ്രകടനത്തിനു ശേഷമെത്തുന്ന സഞ്ജുവിൽ നിന്നും ചെന്നൈയ്ക്കു പ്രതീക്ഷകളേറെ. കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായതിന്റെ നാണക്കേട് മാറ്റാൻ റുതുരാജ് ​ഗെയ്ക്വാദ് നയിക്കുന്ന ടീമിന്റെ ലക്ഷ്യം കിരീടം മാത്രം.

ആറാം കിരീടത്തിന് അടിമുടി മാറ്റങ്ങൾ

കഴിഞ്ഞ സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. പവർപ്ലേയിൽ ഏറ്റവും കുറഞ്ഞ റൺറേറ്റ് ഉൾപ്പെടെ നാണക്കേടിന്റെ ഒരു പറ്റം റെക്കോ‍ർഡുകളും ടീമിനെ തേടിയെത്തി. ഇതോടെ ആറാമതൊരു കിരീടം ലക്ഷ്യമിട്ട് ടീമിനെ ആകെമൊത്തം അഴിച്ചുപണിഞ്ഞാണ് ചെന്നൈ പുതിയ സീസണിലേക്കെത്തുന്നത്. 12 സീസണുകളിൽ ടീമിന്റെ നെടുംതൂണായിരുന്ന രവീ​ന്ദ്ര ജഡേജയെയും ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറനെയും രാജസ്ഥാനു നൽകി. പകരമായി സഞ്ജു സാംസണെ സ്വന്തമാക്കി.

ബാറ്റിങ്ങിൽ ശിവം ദുബെ, ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡെവാൾഡ് ബ്രെവിസ്, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ആയുഷ് മാത്രെ, ​ഗുജറാത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഉ‍ർവിൽ പട്ടേൽ എന്നിവരെ നിലനിർത്തി. എന്നാൽ മുന്നേറ്റനിര ബാറ്റർമാരായ ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി ഓൾറൗണ്ടർമാരായ ദീപക് ഹൂഡ, വിജയ് ശങ്കർ എന്നിവരെ ഒഴിവാക്കി. ബൗളിങ്ങിലും മാറ്റങ്ങളുണ്ട്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ശ്രീലങ്കൻ പേസ് മതീഷ പതിരാന, രാജസ്ഥാനി പേസർ കമലേഷ് നാ​ഗ‍ർ​ഗോട്ടി എന്നിവരെയും റിലീസ് ചെയ്തു. ഇം​ഗ്ലിഷ് പേസ‍ർ ജാമി ഓവർടൻ, അഫ്​ഗാൻ മിസ്റ്ററി സ്പിന്നർ നൂർ അഹമ്മദ്, ഇന്ത്യൻ പേസർമാരായ മുകേഷ് ചൗധരി, ഖലീൽ അഹമ്മദ്, അൻഷുൽ കാംബോജ്, ​ഗുർജപ്നീത് സിങ് എന്നിവരെയും നിലനിർത്തി. സ്പിന്നർ ശ്രേയസ് ​ഗോപാലും ടീമിനൊപ്പമുണ്ട്.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു അൺക്യാപ്ഡ് പ്ലെയ‍ർക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയായ 14.20 കോടി വീതം കൊടുത്ത് യുപി ഓൾറൗണ്ടർ പ്രശാന്ത് വീ‍ർ, രാജസ്ഥാനി വിക്കറ്റ് കീപ്പർ കാർത്തിക് ശർമ്മ എന്നിവരെ ടീമിലെത്തിച്ചതാണ് ലേലത്തിലെ ചെന്നൈയുടെ നിർണായക നീക്കം. വിൻ‍ഡീസ് സ്പിന്നർ അകിൽ ഹൊസൈൻ, ലെ​ഗ്സ്പിന്നർ രാഹുൽ ചഹാർ എന്നിവരെയും സ്വന്തമാക്കി. ന്യൂസിലാൻഡ് പേസർമാരായ മാറ്റ് ഹെൻട്രി, സാക് ഫോൾക്സ്, ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാത്യു ഷോർട്, 75 ലക്ഷത്തിനു മുംബൈ മധ്യനിരതാരം സർഫ്രാസ് ഖാൻ എന്നിവരെയും ടീമിലെത്തിക്കാനായി.

കിരീടത്തോടെ തല വിട വാങ്ങുമോ?

17-ാം സീസണിൽ ടീമിനായി കളത്തിലിറങ്ങുന്ന മഹേന്ദ്രസിങ് ധോണി തന്നെയാണ് ഇത്തവണയും ചെന്നൈയുടെ തുറുപ്പുചീട്ട്. 278 കളികളിൽ ചെന്നൈ ജഴ്സിയണിഞ്ഞ ധോണി 5439 റൺസാണ് അടിച്ചു കൂട്ടിയത്. 24 അർധസെഞ്ച്വറികളും 264 സിക്സുകളും ആ ബാറ്റിൽ പിറന്നു. ക്യാപ്റ്റനായി 128 കളികളിൽ ടീമിനെ ജയത്തിലേക്കു നയിച്ചു. 2023ൽ 42-ാം വയസ്സിൽ ചെന്നൈയെ അഞ്ചാം കിരീത്തിലെത്തിച്ചതോടെ ധോണി ഐപിഎല്ലിൽ നിന്നു വിടവാങ്ങുമെന്നായിരുന്നു ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കളിക്കളത്തിൽ തുടർന്ന ധോണിയെ നിരാശജനകമായ സീസണുകളാണ് കാത്തിരുന്നത്. കഴിഞ്ഞ സീസണിൽ ഇടയ്ക്ക് വച്ച് ക്യാപ്റ്റൻസി ഏറ്റെടുത്തെങ്കിലും അവസാന സ്ഥാനമെന്ന നാണക്കേടിൽ നിന്നു ടീമിനെ രക്ഷിക്കാനായില്ല. ഇതു ധോണിയുടെ അവസാന സീസണാണെന്ന അഭ്യൂഹം ശക്തമായതിനാൽ തങ്ങളുടെ എക്കാലത്തെയും വിഖ്യാത താരത്തിനു കിരീടത്തോടെയുള്ള യാത്രയയപ്പ് നൽകാനാകും ചെന്നൈയുടെ പടപ്പുറപ്പാട്.

കരുത്തായി സഞ്ജു അത്ഭുതങ്ങൾക്കു ധോണിയുടെയും ജഡേജയുടെയും പകരക്കാരും

അർഹിച്ച അവസരങ്ങൾ നിഷേധിച്ചവർക്കും എഴുതിത്തള്ളിയ ക്രിക്കറ്റ് പണ്ഡിതന്മാർക്കും ബാറ്റ് കൊണ്ട് മറുപടി നൽകി ലോക കിരീടം നേടിയെത്തുന്ന സഞ്ജു തന്നെയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ സീസണിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനു വിമ‍ർശനം കേട്ട ടീമിനെ ടോപ് ​ഗിയറിലേക്കു മാറ്റാൻ സഞ്ജുവിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമാവധി സിക്സർ അടിച്ചു കൂട്ടുകയാകും തന്റെ ലക്ഷ്യമെന്ന് ചെന്നൈ ആരാധകരോടു പറഞ്ഞുകൊണ്ട് സഞ്ജുവും നയം വ്യക്തമാക്കുന്നു. ബാറ്റിങ് നിരയ്ക്കു മാത്രമല്ല ടീമിനൊന്നാകെ സഞ്ജുവിന്റെ വരവ് ​ഗുണം ചെയ്യും. കഴിഞ്ഞ സീസണുകളിൽ ആദ്യ മത്സരങ്ങളിൽ കാട്ടിയ മികവ് സീസണിലുടനീളം നിലനിർത്താൻ സഞ്ജുവിനു കഴിയാത്തത് വിമ‍ർശനങ്ങൾക്കു ഇടയാക്കിയിരുന്നു. ക്രിക്കറ്റ് കരിയറിലെ രണ്ടാം വരവിൽ ഈ വിമ‍ർശനത്തിനും മറുപടി സഞ്ജുവിന്റെ ബാറ്റ് നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആഴമേറിയ ബാറ്റിങ് നിരയാണ് ഈ സീസണിൽ ചെന്നൈയുടെ കരുത്ത്. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ റുതുരാജ് ​ഗെയ്ക്വാ​ദാകും ഓപ്പൺ ചെയ്യുക. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ എക്സ്ട്രാ ഓർഡിനറി പ്രകടനം തന്നെ നടത്തേണ്ടതുണ്ടെന്നതിനാൽ റുതുരാജിനു ഇതു അഗ്നിപരീക്ഷയാണ്. കഴിഞ്ഞ സീസണിലെ അത്ഭുതപ്രകടനത്തിലൂടെ ശ്രദ്ധേയനായ ആയുഷ് മാത്രെയാകും മൂന്നാം നമ്പറിലെത്തുക. നാലാമനായി ഡെവാൾഡ് ബ്രെവിസും കളത്തിലിറങ്ങും. ശിവം ദുബെയ്ക്കൊപ്പം ഫിനിഷ‍ർ റോളിൽ യുവതാരങ്ങളായ പ്രശാന്ത് വീറോ കാ‍ർത്തിക് ശ‍ർമയോ എത്തും. ജഡേജയ്ക്കു പകരക്കാരനായാണ് ഇടംകൈയ്യൻ സ്പിന്നർ പ്രശാന്തിനെ ചെന്നൈ കൂടാരത്തിലെത്തിച്ചത്. യുപി ട്വന്റ 20 ലീഗിൽ നോയി‍‍ഡ സൂപ്പർ കിങ്സിനായി കളിക്കുമ്പോഴാണ് പ്രശാന്ത് ശ്രദ്ധിക്കപ്പെടുന്നത്. ലീഗിൽ 10 മത്സരങ്ങളിൽ നിന്നായി എട്ട് വിക്കറ്റും 320 റൺസും പ്രശാന്ത് നേടി. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മികവ് തുടർന്നു. 170 സ്ട്രൈക്ക് റേറ്റിൽ 112 റൺസാണ് പ്രശാന്ത് നേടിയത്. 6.76 എക്കോണമിയിൽ ഒമ്പത് വിക്കറ്റും സ്വന്തമാക്കി. ഇതോടെ പ്രശാന്തിനെ നോട്ടമിട്ട ചെന്നൈ ആവേശകരമായ ലേലത്തിനൊടുവിൽ ടീമിലെത്തിക്കുകയായിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികവാണ് ഭാവിയിലെ ധോണിയെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിശേഷിപ്പിക്കുന്ന കാർത്തിക് ശർമയ്ക്ക് ടീമിലേക്കുള്ള വഴിതുറന്നത്. ടൂ‍ർണമെന്റിൽ 5 കളികളിൽ നിന്നായി 160 സ്ട്രൈക്ക് റേറ്റിൽ 133 റൺസാണ് കാർത്തിക് നേടിയത്.

ഇംപാക്ട് പ്ലെയറായിട്ടാകും ധോണി എത്തുകയെന്നതിനാൽ സഞ്ജുവാകും കീപ്പർ. മാറ്റ് ഹെൻട്രിയാകും പേസ് ആക്രമണത്തിനു നേതൃത്വം കൊടുക്കുക. ഖലീൽ അഹമ്മദും മുകേഷ് ചൌധരിയും പേസ് ബൌളിങ്ങിലും കരുത്താകും. വ്യത്യസ്തമായ സ്പിൻ ഓപ്ഷനുകളാണ് മറ്റൊരു പ്ലസ് പോയിന്റ്. സ്പിന്നിനെ തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചിൽ നൂർ അഹമ്മദിന്റെ പ്രകടനം കരുത്താകും. രണ്ടാം സ്പിന്നറായി രാഹുൽ ചഹറിനെയോ അകേൽ ഹൊസൈനെയോ കളിപ്പിച്ചേക്കും. പരിചയസമ്പത്തിനൊപ്പം യുവനിരയുടെ കരുത്തുമുള്ള ടീം കപ്പടിക്കാൻ പോന്നതാണ്.

പോരായ്മയായി പേസ് ബോളിങ്ങും പരിക്കും

പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. പരിശീലനത്തിനിടെ പരുക്കേറ്റ ധോണിക്ക് ആദ്യ 6 മത്സരങ്ങൾ നഷ്ടപ്പെടും. ഒപ്പം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ഓൾറൗണ്ടർ ഡെവാൾഡ് ബ്രെവിസിനും പരിക്കേറ്റെന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം. പരിക്കേറ്റതോടെ സീസൺ മൊത്തമായും നഷ്ടമാകുമെന്ന് ഉറപ്പായ ന്യൂസിലാൻഡ് പേസർ നഥാൻ എല്ലിസിനെ ടീമിൽ നിന്നു ഒഴിവാക്കിയിരുന്നു. പകരം ഉൾപ്പെടുത്തിയ ഓസ്ട്രേലിയൻ പേസർ സ്പെൻസർ ജോൺസൺ പരിക്ക് ഭേദമാകാത്തതിനാൽ എത്താൻ വൈകും. മാത്യു ഷോർട്ടിനും പരുക്ക് കാരണം ആദ്യ മത്സരങ്ങൾ നഷ്ടമാകും.

ഡെത്ത് ഓവറുകളിൽ മതീഷ പതിരാനയ്ക്ക് പകരക്കാരനെ കണ്ടെത്താനായില്ലെന്നതും പോരായ്മയാണ്. ക്യാപ്റ്റനായി ഇനിയും മികവ് തെളിയിക്കാൻ റുതുരാജിനു കഴിഞ്ഞിട്ടില്ലെന്നതും ആശങ്കയാകുന്നു.

സാധ്യതാ ടീം: സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, എം എസ് ധോണി, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മാറ്റ് ഹെന്റി, അകിൽ ഹുസൈൻ.

ഇംപാക്ട് പ്ലെയേഴ്സ് : സർഫറാസ് ഖാൻ, ജാമി ഓവർടൻ, മുകേഷ് ചൗധരി, അൻഷുൽ കാംബോജ്, ​ഗുർജപ്നീത് സിങ്.

Content Highlights: IPL 2026; Chennai Super Kings Ready For a Roaring season

To advertise here,contact us