അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തില്‍ 0-4 ന്റെ തോല്‍വി വഴങ്ങിയെങ്കിലും, ഉയര്‍ന്ന നിലവാരമുള്ള എതിരാളികള്‍ക്കെതിരെ നിരന്തരം മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിന് പുരോഗതി നേടാനാകൂ എന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് ഖാലിദ് ജമീല്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ചരിത്രപ്രസിദ്ധമായ മത്സരത്തില്‍ ബ്രസീല്‍ ഇന്ത്യയെ 4-0 ന് പരാജയപ്പെടുത്തിയിരുന്നു. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വിന്യോ, സാമുവല്‍ ലിനോ, പെഡ്രോ എന്നിവരടങ്ങുന്ന ശക്തമായ ബ്രസീലിയന്‍ നിരയ്ക്കെതിരെ ഇന്ത്യന്‍ ടീം പോരാടിയെങ്കിലും നാല് ഗോളുകള്‍ വഴങ്ങേണ്ടിവന്നു.
എതിര് ടീം പരിശീലകന് കര്ലോ ആഞ്ചലോട്ടിയുടെ പ്രശംസ ലഭിച്ചുവെങ്കിലും തോല്‍വി നല്കിയ നിരാശ മറച്ചുവെക്കാന്‍ ഖാലിദ് ജമീല്‍ തയ്യാറായില്ല. 'എനിക്ക് പൂജ്യം പോയിന്റാണ് ലഭിച്ചത്. അടുത്ത ചോദ്യം ചോദിക്കൂ' മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു. വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ശ്രദ്ധയും ഏകാഗ്രതയും എത്രത്തോളം പ്രധാനമാണെന്ന് ജമീല്‍ വ്യക്തമാക്കി: 'ഒരു മികച്ച ടീമിനെതിരെ കളിക്കുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ചെറിയൊരു പിഴവ് പോലും അവര്‍ ഗോളാക്കി മാറ്റും. അതിനായി നമ്മുടെ ഏകാഗ്രത വളരെ മികച്ചതായിരിക്കണം, കളിയിലുടനീളം ജാഗ്രത പുലര്‍ത്തുകയും വേണം'
എതിര് ടീമിന്റെ ലോകപ്രശസ്ത പരിശീലകന് കര്ലോ ആഞ്ചലോട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'അദ്ദേഹം വളരെ ലളിതനായ വ്യക്തിയും മാന്യനുമാണ്. സാങ്കേതികമായി അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്,' എന്ന് ജമീല്‍ മറുപടി നല്കി. മത്സരത്തിനിടയില്‍ ആദ്യ പകുതിക്ക് ശേഷം പിന്‍വലിക്കപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗ് സന്ധുവിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ഖാലിദ് ജമീല്‍ ശക്തമായി എതിര്‍ത്തു: 'ഗുര്‍പ്രീതിനെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഒന്നോ രണ്ടോ മത്സരങ്ങള്‍ വെച്ച് ഒരാളെ വിലയിരുത്താനാകില്ല. തോല്‍വി ഗുര്‍പ്രീത് കാരണം മാത്രം സംഭവിച്ചതല്ല, പ്രതിരോധ നിര താരങ്ങളും കൃത്യമായി പന്ത് തടുക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു' ഭാവിയില്‍ ഇന്ത്യന്‍ ഫുട്ബോളിന് മുന്നേറാന്‍ വലിയ ടീമുകള്‍ക്കെതിരായ കൂടുതല്‍ മത്സരങ്ങള്‍ അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഖാലിദ് ജമീല്‍ സംഭാഷണം അവസാനിപ്പിച്ചത്: 'നിങ്ങള്‍ എത്രത്തോളം കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ കളി മെച്ചപ്പെടും. നമ്മള് കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം, കൂടുതല്‍ പരിചയസമ്പത്ത് നേടേണ്ടതുണ്ട്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: 'Need to Play More Games' - Khalid Jamil After Defeat Against Brazil