ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്താനും അനുഭവസമ്പന്നരായ മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാനുമുള്ള പരിശീലകന് കര്ലോ ആഞ്ചലോട്ടിയുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് വെറ്ററന്‍ പ്രതിരോധ താരം തിയാഗോ സില്‍വ. ഒരുമാധ്യമവുമായി സംസാരിക്കവെയാണ് സില്‍വ തന്റെ വിയോജിപ്പ് പരസ്യമാക്കിയത്. 'ഞാന്‍ സത്യം പറയണോ അതോ കള്ളം പറയണോ? 31, 32, 33 വയസ്സുള്ള കളിക്കാരെ പെട്ടെന്ന് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല. എനിക്ക് 41 വയസ്സുള്ളപ്പോഴും ഞാന്‍ ലോകകപ്പില്‍ കളിക്കുന്നതിനോട് അടുത്തായിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ഒരു താരത്തെ പ്രായം മാത്രം നോക്കി ഒഴിവാക്കരുത്' -സില്‍വ പറഞ്ഞു.
ബ്രസീലിയന്‍ ദേശീയ ടീമില്‍ മാറ്റങ്ങള്‍ പെട്ടെന്ന് നടപ്പിലാക്കരുതെന്നും ഘട്ടം ഘട്ടമായി മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബ്രസീല്‍ ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് പതുക്കെ, ഘട്ടം ഘട്ടമായി ചെയ്യണം. എല്ലാവരെയും ഒറ്റയടിക്ക് ഒഴിവാക്കി പുതിയ ആളുകളെ കൊണ്ടുവരുന്നത് ശരിയല്ല. ക്ലബ്ബ് ഫുട്ബോളില്‍ കാര്യങ്ങള്‍ ചെയ്യുന്നത് പോലെ എളുപ്പമല്ല ബ്രസീലിയന്‍ ദേശീയ ടീമില്‍ കളിക്കുക. യൂറോപ്യന്‍ ഫുട്ബോളില്‍ നിന്നാണ് കോച്ച് വരുന്നത്, അവിടെ അത് എളുപ്പമായിരിക്കും. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. മാറ്റങ്ങള്‍ വരുത്തുമ്പോഴും ഫലങ്ങള്‍ ഉണ്ടാകണം, ഒപ്പം മികച്ച രീതിയില്‍ കളിക്കുകയും വേണം. ഈ തരത്തിലുള്ള പെട്ടെന്നുള്ള മാറ്റങ്ങളോട് എനിക്ക് യോജിപ്പില്ല, എങ്കിലും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്' -സില്‍വ പറഞ്ഞു.
അതേസമയം, തിയാഗോ സില്‍വയുടെ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ആഞ്ചലോട്ടി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായി ടീമിലേക്ക് 23 വയസ്സിന് താഴെയുള്ള 9 യുവതാരങ്ങളെ ഉള്‍പ്പെടുത്തിയത് 2030 ലോകകപ്പ് മുന്നില്‍ കണ്ടുള്ള ദീര്‍ഘകാല പദ്ധതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഇതൊരു സന്തുലിതമായ സ്ക്വാഡാണ്. പൊതുവെ ഞാന്‍ കളിക്കാരുടെ പ്രായം നോക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഭാവിയിലേക്ക് സാധ്യതയുള്ള യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണ്. 34-ഓ 35-ഓ വയസ്സുള്ള ഒരു കളിക്കാരന് ടീമിന്റെ ഭാവിയല്ല, മറിച്ച് വര്‍ത്തമാനകാലമാണ്. ആ പ്രായത്തിലുള്ള കളിക്കാരന് ഒരു വലിയ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സജ്ജനാണെങ്കില്‍ അവര്‍ ടീമിലുണ്ടാകും. എന്നാല്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് യുവതാരങ്ങള്‍ക്കാണ്' -ആഞ്ചലോട്ടി വ്യക്തമാക്കി.
content highlights: Thiago Silva Criticizes Carlo Ancelotti’s Decision to Exclude Senior Players