മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ മത്സരങ്ങളില്‍ 10-ാം മിനിറ്റില്‍ കളി നിര്‍ത്തിവെക്കും

അര്‍ജന്റീനയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും 10-ാം മിനിറ്റില്‍ 60 സെക്കന്‍ഡ് കളി നിര്‍ത്തിവെച്ച് ലയണല്‍ മെസ്സിക്ക് കൈയടിയോടെ ആദരമര്‍പ്പിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിന് പിന്നാലെ, അര്‍ജന്റീനയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളിലും 10-ാം മിനിറ്റില്‍ 60 സെക്കന്‍ഡ് കളി നിര്‍ത്തിവെച്ച് ലയണല്‍ മെസ്സിക്ക് കൈയടിയോടെ ആദരമര്‍പ്പിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. വനിതാ-പുരുഷ വിഭാഗങ്ങളിലെയും വിവിധ തലങ്ങളിലെയും മത്സരങ്ങളില്‍ ഈ ആദരവ് സംഘടിപ്പിക്കും. കൂടാതെ, ഡിജിറ്റല്‍ സ്‌ക്രീനുകളുള്ള സ്റ്റേഡിയങ്ങളില്‍ മത്സരത്തിന് മുന്നോടിയായി എ.എഫ്.എ നിര്‍മിച്ച പ്രത്യേക വീഡിയോ പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

'എല്ലാ വനിതാ-പുരുഷ വിഭാഗങ്ങളിലെയും അടുത്ത മത്സരദിനത്തില്‍, അര്‍ജന്റീന ദേശീയ ടീമിനായി ലയണല്‍ മെസ്സി നല്‍കിയ സംഭാവനകളെ മാനിച്ച് ആദ്യ പകുതിയിലെ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് കളി നിര്‍ത്തിവെച്ച് കൈയടിച്ച് ആദരമര്‍പ്പിക്കും. കൂടാതെ സ്‌ക്രീനുകളുള്ള സ്റ്റേഡിയങ്ങളില്‍ മത്സരത്തിന് മുന്‍പായി അസോസിയേഷന്റെ വീഡിയോ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്' എഎഫ്എ പ്രസ്താവനയില്‍ വ്യക്തമാക്കി.

അര്‍ജന്റീനയ്ക്കായി താരം ധരിച്ച ഐക്കണിക് 10-ാം നമ്പര്‍ ജേഴ്‌സിയോടുള്ള ആദരസൂചകമായാണ് 10-ാം മിനിറ്റിലെ ഈ കളി നിര്‍ത്തല്‍. തിങ്കളാഴ്ചയാണ് 2005-ല്‍ ആരംഭിച്ച തന്റെ 21 വര്‍ഷത്തെ ദീര്‍ഘമായ അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടുകൊണ്ട് മെസ്സി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരവുമാണ് മെസ്സി. രാജ്യത്തിന് മൂന്ന് പ്രധാന അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിത്തരുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു.

'ഫൈനലിന് ശേഷം കുറച്ചധികം ചിന്തിച്ച ശേഷമാണ് ഞാന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരെയും അറിയിക്കുന്നത്. ആത്മാവിനെ വേദനിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു ഇത്, എങ്കിലും ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നമ്മള്‍ എല്ലാം നേടിയപ്പോള്‍ മാത്രമല്ല, അതിനു മുന്‍പും ഈ ജേഴ്‌സിക്കായി ഞാന്‍ കളത്തില്‍ സര്‍വ്വതും നല്‍കിയിട്ടുണ്ട്. ഫുട്‌ബോളിലൂടെ നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും അര്‍ജന്റീനക്കാരാണെന്ന് അഭിമാനിക്കാനും ഞാന്‍ എപ്പോഴും പോരാടിയിട്ടുണ്ട്' -വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച കുറിപ്പില്‍ മെസ്സി പറഞ്ഞു.

39-കാരനായ മെസ്സിയുടെ അര്‍ജന്റീനന്‍ കരിയറിന്റെ തുടക്കത്തില്‍ നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിരുന്നു. 2014 ലോകകപ്പ് ഫൈനലിലും 2016 കോപ്പ അമേരിക്ക ഫൈനലിലും പരാജയപ്പെട്ടെങ്കിലും, 2021 കോപ്പ അമേരിക്ക കിരീടം നേടി അര്‍ജന്റീനയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മെസ്സിക്ക് സാധിച്ചു. തുടര്‍ന്ന് 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചു. ഫ്രാന്‍സിനെതിരായ ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയ മെസ്സി പെനാല്‍ട്ടി ഷൂട്ടൗട്ടിലും ഗോള്‍ കണ്ടെത്തി. 2024-ല്‍ കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താനും അര്‍ജന്റീനയ്ക്കായി. 2006 മുതല്‍ 2026 വരെയുള്ള ആറ് ലോകകപ്പുകളില്‍ പങ്കെടുത്ത മെസ്സി 34 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ നേടി. 2026 ലോകകപ്പില്‍ എട്ട് ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. അള്‍ജീരിയയ്ക്കെതിരെയുള്ള മത്സരത്തില്‍ തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും മെസ്സി കുറിച്ചു.എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സി, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങിയെങ്കിലും മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയുള്ള ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ തുടരും.

content highlights: Argentina to Stop Play in 10th Minute of All Matches as Tribute to Lionel Messi

To advertise here,contact us