ഇന്ത്യ-പാനമ മത്സരം ബെംഗളൂരുവില്‍; യുറഗ്വായിയും ബ്രസീലും കൊല്‍ക്കത്തയില്‍

ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 26-ന് പാനമയ്ക്കെതിരെ നടക്കുന്ന ഇന്ത്യന്‍ സീനിയര്‍ പുരുഷ ദേശീയ ടീമിന്റെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ബെംഗളൂരുവിലെ ശ്രീ കാണ്ഠീരവ സ്റ്റേഡിയം വേദിയാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന വിവരമനുസരിച്ച്, ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കുവൈത്തിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ഉയര്‍ത്തിയ 2023-ലെ സാഫ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ബ്ലൂ ടൈഗേഴ്സിന്റെ ബെംഗളൂരുവിലെ ആദ്യ മത്സരമായിരിക്കും ഇത്. ആ ടൂര്‍ണമെന്റിലുടനീളം വലിയ തോതിലുള്ള കാണികളുടെ പങ്കാളിത്തവും ബെംഗളൂരുവിലെ ആരാധകരില്‍ നിന്ന് വലിയ പിന്തുണയുമാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്.

നിലവില്‍ ലോക റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തുള്ള പാനമ ഇന്ത്യയ്ക്ക് മികച്ചൊരു വെല്ലുവിളി തന്നെയാകും ഉയര്‍ത്തുക. 2026-ലെ ഫിഫ ലോകകപ്പില്‍ മത്സരിച്ച പാനമ ഇന്ത്യയ്ക്കെതിരെ കളിക്കുന്നത് സെപ്റ്റംബറിലെ മത്സരത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വച്ച് അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടുന്നതിന് കൃത്യം ഒരു ആഴ്ച മുമ്പ് നടക്കുന്ന ഈ മത്സരം, തിരക്കേറിയ അന്താരാഷ്ട്ര കാലയളവില്‍ ഒരു ലോകകപ്പ് ടീമിനെതിരെ ഇന്ത്യ കളിക്കുന്ന ആദ്യ സൗഹൃദ മത്സരമായിരിക്കും.

2001-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയേക്കാള്‍ 54 റാങ്ക് മുന്നിലായിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ 1-0 ന് തോല്‍പ്പിച്ച് ഇന്ത്യന്‍ ടീം ചരിത്രവിജയം കുറിച്ചതിന് ബെംഗളൂരു നേരത്തെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം, വീണ്ടും ഒരു ഉയര്‍ന്ന റാങ്കിലുള്ള എതിരാളികള്‍ക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് നഗരം വേദിയാകാന്‍ ഒരുങ്ങുകയാണ്.

'ഇന്ത്യന്‍ പുരുഷ ദേശീയ ടീമിനെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് വീണ്ടും സ്വാഗതം ചെയ്യാന്‍ കഴിയുന്നത് ബെംഗളൂരുവിനും കര്‍ണാടകയിലെ ഫുട്‌ബോള്‍ സമൂഹത്തിനും വലിയ അഭിമാനമുള്ള കാര്യമാണ്. ബെംഗളൂരുവിന് എപ്പോഴും ഇന്ത്യന്‍ ഫുട്‌ബോളുമായി പ്രത്യേക ബന്ധമുണ്ട്. 2023-ലെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം ഉയര്‍ത്തിയത് ഉള്‍പ്പെടെയുള്ള അന്തരീക്ഷം ദേശീയ ടീമിനോടുള്ള ഈ നഗരത്തിന്റെ അഭിനിവേശവും പിന്തുണയും തെളിയിച്ചതാണ്' -എഐഎഫ്എഫ് വൈസ് പ്രസിഡന്റും കര്‍ണാടക സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ എന്‍.എ. ഹാരീസ് പറഞ്ഞു.

content highlights: India vs Panama Match in Bengaluru; Uruguay and Brazil Fixtures Confirmed for Kolkata

To advertise here,contact us