ഇസ്‌ലാം മതം സ്വീകരിച്ചോ?; അഭ്യൂഹങ്ങളോട് പ്രതികരിച്ച് റോബർട്ടോ കാർലോസ്

വിഷയത്തിൽ പ്രതികരണവുമായി റോബർട്ടോ കാർലോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മൊറോക്കൻ വംശജയായ ഫിഫയുടെ അംഗീകൃത പ്ലെയർ ഏജന്റായ സുഹൈല അൽ താഹിരിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഈ ചർച്ചകൾ സജീവമായത്.

തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി എം പിയായ അലി ഷാഹിന്റെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് ആധാരം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി റോബർട്ടോ കാർലോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

താൻ ഇസ്ലാം മതം സ്വീകരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കാർലോസ് വ്യക്തമാക്കി.

സൗദി പത്രമായ ‘ഒക്കാസിന്’ നൽകിയ അഭിമുഖത്തിലാണ് 53-കാരനായ റോബർട്ടോ കാർലോസ് വിഷയത്തിൽ വ്യക്തത വരുത്തിയത്.

'ഇസ്ലാം മതത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എന്റെ ഭാര്യ പ്രാർത്ഥിക്കുന്നത് കാണുന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഞാൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യമാണ്', അദ്ദേഹം വ്യക്തമാക്കി.

വിവാഹ ചടങ്ങുകളെക്കുറിച്ചും പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ചും കാർലോസ് വിശദീകരിച്ചു. കുടുംബാംഗങ്ങളുടെ വിശ്വാസങ്ങളെ പൂർണമായി മാനിച്ചുകൊണ്ടാണ് വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് താരം പറഞ്ഞു.

തന്റെ കുടുംബം കത്തോലിക്കാ വിശ്വാസികളായതിനാൽ അവരുടെ ആചാരപ്രകാരമുള്ള ചടങ്ങുകളും, ഒപ്പം മുസ്ലിമായ ഭാര്യയുടെയും അവരുടെ സുഹൃത്തുക്കളുടെയും വിശ്വാസങ്ങൾക്കനുസൃതമായ മറ്റൊരു ചടങ്ങും നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights: roberto carlos reacts to islam conversion rumours marriage truth

To advertise here,contact us