വെറും 100 രൂപ! ജംഷേദ്പൂരിനെ സ്വന്തമാക്കി ചര്‍ച്ചില്‍ ബ്രദേഴ്‌സ്; ഓഹരികൾ വിറ്റ് ടാറ്റാ സ്റ്റീല്‍

ജംഷേദ്പൂര്‍ എഫ്സിയെ വാങ്ങിയത് ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഓഹരി വില്‍പ്പന കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥതയിലുള്ള 'ജംഷേദ്പൂര്‍ ഫുട്‌ബോള്‍ ആന്‍ഡ് സ്പോര്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ' 100 ശതമാനം ഓഹരികളും ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്പോര്‍ട്‌സ് ക്ലബ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റ് ടാറ്റാ സ്റ്റീല്‍. കേവലം 100 രൂപയുടെ നാമമാത്ര തുകയ്ക്കാണ് ഈ വന്‍ കൈമാറ്റം നടന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ടാറ്റാ സ്റ്റീല്‍ ഡയറക്ടര്‍ ബോര്‍ഡ് കമ്മിറ്റിയാണ് കൈമാറ്റത്തിന് അംഗീകാരം നല്‍കിയത്. ടാറ്റാ സ്റ്റീലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സബ്സിഡിയറിയുടെ 4.08 കോടി ഇക്വിറ്റി ഓഹരികളും ചര്‍ച്ചില്‍ ബ്രദേഴ്‌സിന് കൈമാറും. ഇതുമായി ബന്ധപ്പെട്ട ഓഹരി വില്‍പ്പന കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31-ഓടെ കൈമാറ്റം പൂര്‍ണമാകും.

കരാറിലെ പ്രധാന വിവരങ്ങള്‍എഐഎഫ്എഫ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ജംഷേദ്പൂര്‍ എഫ്സിയുടെ ഐഎസ്എല്‍ സ്‌പോര്‍ട്ടിങ് ലൈസന്‍സ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് കൈമാറും. 2026 സെപ്റ്റംബര്‍ മുതല്‍ ജംഷേദ്പൂര്‍ എഫ്സിയുടെ 12 കളിക്കാരുടെയും രണ്ട് കോച്ചുകളുടെയും കരാറുകള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഏറ്റെടുക്കും. ഇതോടെ ഇവര്‍ക്ക് ഐഎസ്എല്ലില്‍ പ്രൊഫഷണല്‍ കരിയര്‍ തുടരാന്‍ സാധിക്കും. ജംഷേദ്പൂര്‍ എഫ്സിയിലെ നേരിട്ടുള്ള ഉടമസ്ഥത അവസാനിപ്പിക്കുമെങ്കിലും, പ്രാദേശിക-ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും പരിശീലനം നല്‍കാനും ഉള്ള ഗ്രാസ്റൂട്ട്, യൂത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ടാറ്റാ സ്റ്റീല്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കും.

പെരുമ നേടിയ ക്ലബ്ബ്1987-ല്‍ ജംഷേദ്പൂരില്‍ ആരംഭിച്ച പ്രശസ്തമായ 'ടാറ്റാ ഫുട്‌ബോള്‍ അക്കാദമി' ഇതുവരെ 300-ലധികം താരങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ 150-ഓളം പേര്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് രണ്ട് തവണ ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്. നേരത്തെ എഐഎഫ്എഫുമായുള്ള നിയമ തര്‍ക്കങ്ങളെ തുടര്‍ന്ന് മൂന്നാം ഡിവിഷനിലേക്ക് (ഐ-ലീഗ് 2) തരംതാഴ്ത്തപ്പെട്ടിരുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സിന്, ഈ പുതിയ കൈമാറ്റത്തോടെ ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയാണ്.

content highlights: Just ₹100! Churchill Brothers Acquires Jamshedpur FC; Tata Steel Sells Shares

To advertise here,contact us