കരാര്‍ത്തുകയില്‍ തീരുമാനമായില്ല; മുഹമ്മദ് സലാ തുര്‍ക്കിയിലേക്കില്ലെന്ന് റിപ്പോര്‍ട്ട്

വലിയ തുക ചെലവഴിച്ച് താരത്തെ ക്ലബ്ബിലെത്തിക്കാനാകില്ലെന്ന് അധികൃതര്‍

ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബ് ബെസിക്തസിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കരാര്‍ത്തുകയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്ന് ചര്‍ച്ച മുടങ്ങുന്നു. ഈജിപ്ഷ്യന്‍ താരത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ കാരണം മുഹമ്മദ് സലായുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ബെസിക്തസ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഒണ്ടര്‍ ഓസെന്‍ സ്ഥിരീകരിച്ചു.

2025-26 സീസണിന്റെ അവസാനത്തില്‍ ലിവര്‍പൂളുമായി പരസ്പര ധാരണയിലെത്തി കരാര്‍ നേരത്തെ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സലാ നിലവില്‍ ഫ്രീ ഏജന്റാണ്. ഈജിപ്തിനെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച ലോകകപ്പിന്റെ അവസാനത്തിന് ശേഷം സലാ ബെസിക്തസിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഏജന്റ് ഈ വാര്‍ത്തകള്‍ ആദ്യം നിഷേധിച്ചിരുന്നു. ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ 315 മത്സരങ്ങള്‍ കളിച്ച സലായ്ക്ക് മുന്നില്‍ തങ്ങള്‍ ഒരു ഓഫര്‍ വെച്ചിട്ടുണ്ടെന്ന് ബെസിക്തസ് സ്ഥിരീകരിച്ചിരുന്നു. ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ജാമി കാരഗര്‍ (508), സ്റ്റീവന്‍ ജെറാര്‍ഡ് (504), ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (360), സാമി ഹൈപ്പിയ (318) എന്നിവര്‍ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്താണ് സലാ.

പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ 10 കളിക്കാരില്‍ ഒരാളുമാണ് സലാ. ലിവര്‍പൂളിനായി ലീഗില്‍ 191 ഗോളുകള്‍ നേടുകയും 93 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ സലായെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിനായി തങ്ങളുടെ ട്രാന്‍സ്ഫര്‍ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബെസിക്തസ് തയ്യാറല്ല. 'ഞങ്ങള്‍ സലായ്ക്ക് ഒരു ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. ഇത് കരാര്‍ സങ്കീര്‍ണ്ണമാക്കി,' -തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഓസെന്‍ പറഞ്ഞു.

'മുഹമ്മദ് സലായെപ്പോലെ ബഹുമാനിക്കപ്പെടുന്ന ഒരു കളിക്കാരന് ഈ വിശദാംശങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ ഏജന്റ് വഴി ഇമേജ് റൈറ്റ്സുമായി ബന്ധപ്പെട്ട് ഉന്നയിച്ച സാമ്പത്തിക ആവശ്യങ്ങള്‍, ഈ ക്ലബ് ഇതുവരെ ഒരു കളിക്കാരനോ ജീവനക്കാരനോ നല്‍കാത്ത തരത്തിലുള്ളതാണ്. താരങ്ങളെ ടീമിലെടുക്കുന്നതിന് ഞങ്ങള്‍ക്ക് ഒരു സാമ്പത്തിക പരിധിയുണ്ട്, അതിനപ്പുറം പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. താരത്തിന്റെ പേര് എന്തായാലും, ഒരു കളിക്കാരനെ ഒപ്പിടുന്നതിനേക്കാള്‍ പ്രധാനം ക്ലബ്ബിന്റെ മൂല്യങ്ങളും നയങ്ങളും സംരക്ഷിക്കുക എന്നതാണ്. ക്ലബ് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായി മുഹമ്മദ് സലായെ ടീമിലെടുക്കാനുള്ള ബെസിക്തസിന്റെ ഓഫര്‍ ഇപ്പോഴും നിലവിലുണ്ട്. ആ ഓഫറിന് അനുകൂലമായ മറുപടി ലഭിക്കുകയാണെങ്കില്‍, മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാം. എന്നാല്‍ ഇതിനപ്പുറമുള്ള മറ്റൊരു നിര്‍ദ്ദേശം ഞങ്ങള്‍ സമര്‍പ്പിക്കില്ല. അവര്‍ മറ്റ് ക്ലബ്ബുകളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തില്ല, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഇവിടെ അവസാനിക്കുന്നു.' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സലാ എംഎല്‍എസിലേക്ക് മാറുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. ഇന്റര്‍ മയാമി, സാന്‍ ഡീഗോ എഫ്സി എന്നീ ക്ലബ്ബുകള്‍ക്ക് അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്പര്യമുള്ളതായി അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യുവന്റസുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഫ്രീ ഏജന്റായ ദുസാന്‍ വ്‌ലാഹോവിച്ചാണ് ബെസിക്തസിന്റെ മുന്നേറ്റനിരയിലേക്ക് പരിഗണിക്കുന്ന മറ്റൊരു താരം. അദ്ദേഹത്തിന്റെയും ക്ലബ്ബ് പ്രവേശം കരാര്‍ത്തുകയില്‍ ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. വ്‌ലാഹോവിച്ച് തുര്‍ക്കിഷ് സൂപ്പര്‍ ലീഗിലേക്ക് മാറുകയാണെങ്കില്‍, തന്റെ മുന്‍ ഫിയോറന്റീന പരിശീലകനായ വിന്‍സെന്‍സോ ഇറ്റാലിയാനോയുമായി വീണ്ടും ഒന്നിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിലൊന്നിലെ ക്ലബ്ബിലേക്ക് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്‌ലാഹോവിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ ബെസിക്തസിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അധികൃതര്‍.

content highlights: No Agreement on Contract Value: Mohamed Salah Will Not Move to Turkey, Reports State

To advertise here,contact us