ഫുട്ബോള്‍ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന് ശേഷമുണ്ടായ വിവാദത്തില്‍ അര്‍ജന്റീനയുടെ പ്രീമിയര്‍ ലീഗ് താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ക്രിസ്റ്റ്യന്‍ റൊമേറോ (ടോട്ടനം ഹോട്സ്പര്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി) എന്നിവരുടെ യുകെ വര്‍ക്ക് വിസകള്‍ റദ്ദാക്കണമെന്ന് ആവശ്യമുയരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനലില്‍ 2-1ന്റെ വിജയത്തിന് ശേഷം, ഫോക്ക്ലാന്‍ഡ് ദ്വീപുകളുടെ പരമാധികാരം അര്‍ജന്റീനയ്ക്കാണെന്ന് അവകാശപ്പെടുന്ന 'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്ന ബാനര്‍ അര്‍ജന്റീന താരങ്ങള്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
മത്സരങ്ങള്‍ക്ക് ശേഷം രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍, ഫിഫ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുകെയിലെ ചില രാഷ്ട്രീയ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ സഹായിയായിരുന്ന നൈല്‍ ഗാര്‍ഡിനര്‍ ഉള്‍പ്പെടെയുള്ളവര്‍, യുകെയില്‍ ജോലി ചെയ്തു ജീവിക്കുന്ന കളിക്കാര്‍ വിദ്വേഷവും രാഷ്ട്രീയ സംഘര്‍ഷവും വളര്‍ത്തുന്ന ഇത്തരം പ്രവൃത്തികളില്‍ പങ്കാളികളായതിനാല്‍ അവരുടെ വര്‍ക്ക് വിസ റദ്ദാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.
നിലവില്‍ ഫിഫ ഔദ്യോഗികമായി വിലക്കുകളോ ശിക്ഷാനടപടികളോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, യുകെ അധികൃതര്‍ വിഷയം ഗൗരവമായി എടുത്താല്‍ വരാനിരിക്കുന്ന പുതിയ പ്രീമിയര്‍ ലീഗ് സീസണില്‍ കളിക്കാര്‍ക്ക് തിരിച്ചടിയായേക്കാം.
content highlights: Reports: UK visas of Argentina's Premier League stars could be revoked