ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി ലയണൽ മെസി; തൊട്ട് പിന്നിലായി എംബാപ്പെയും

ജൂലൈ 19 അർധരാത്രി 12:30 നാണ് 2026 ഫിഫ ലോകകപ്പിന്റെ കലാശക്കൊട്ട്

2026 ഫിഫ ലോകകപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലെത്തി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസി. ഇന്നലെ നടന്ന അർജന്റീന - ഇംഗ്ലണ്ട് സെമി പോരാട്ടത്തിൽ രണ്ട് അസിസ്റ്റ് കൂടെ നേടിയതോടെയാണ് എംബാപ്പയെ മറികടന്നുകൊണ്ട് മെസി പട്ടികയിൽ മുന്നേറിയത്. നിലവിൽ എട്ട് ഗോളുകളും നാല് അസിസ്റ്റും ആണ് താരത്തിന്റെ സമ്പാദ്യം. അതേസമയം, എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുമായി കിലിയൻ എംബാപ്പെ മെസിയുടെ തൊട്ടുപിന്നാലെയുണ്ട്.

ലയണൽ മെസിയുടെ അർജന്റീനയ്ക്കും കിലിയൻ എംബാപ്പയുടെ ഫ്രാൻസിനും ഇനി ഈ ലോകകപ്പിൽ ഒരൊറ്റ മത്സരമാണ് ബാക്കിയുള്ളത്. മെസിക്ക് ലോകചാമ്പ്യന്മാരെ നിർണയിക്കുന്ന കലാശപ്പോര് ആണെങ്കിൽ ഫ്രാൻസ് ലൂസേഴ്‌സ് ഫൈനൽ ആണ്. ആ മത്സരങ്ങളിൽ താരങ്ങൾ നേടുന്ന ഗോളുകളുടെയും അസിസ്റ്റുകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ഗോൾഡൻ ബൂട്ട് ജേതാവിനെ നിർണയിക്കുന്നത്. ലോകകിരീടം നഷ്ടപ്പെട്ട എംബാപ്പെ ഗോൾഡൻ ബൂട്ടിനായി പോരാടും എന്നതും ഉറപ്പാണ്.

ജൂലൈ 19 പുലർച്ചെ 2:30 നാണ് ഫ്രാൻസ് - ഇംഗ്ലണ്ട് ലൂസേഴ്‌സ് ഫൈനൽ നടക്കുന്നത്. അർജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതാണ് ഇംഗ്ലണ്ട് സെമിയിൽ നിന്ന് പുറത്തായത്. അന്ന് തന്നെ അർധരാത്രി 12:30 നാണ് 2026 ഫിഫ ലോകകപ്പിന്റെ കലാശക്കൊട്ട്. മത്സരത്തിൽ അർജന്റീന സ്പെയിനിനെ നേരിടും.

Content highlight: Golden Boot race Lionel Messi and Mbappe

To advertise here,contact us