ഫുട്ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള അര്‍ജന്റീനയുടെ ഉജ്ജ്വലമായ വിജയം ആരാധകര്‍ക്കായി സമര്‍പ്പിച്ച് എന്‍സോ ഫെര്‍ണാണ്ടസ്. ഫൈനലില്‍ പ്രവേശിച്ചതോടെ ടീം വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അറ്റ്ലാന്റയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന വിജയം ഉറപ്പാക്കിയത്. ആദ്യ പകുതിയില്‍ പിന്നിലായിരുന്ന അര്‍ജന്റീനയ്ക്കായി എന്‍സോ ഫെര്‍ണാണ്ടസ് സമനില ഗോള്‍ നേടി. ഇന്‍ജുറി ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനസ് നേടിയ വിജയഗോളിലൂടെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫൈനലിലെത്തുകയായിരുന്നു. കലാശപ്പോരില്‍ ഞായറാഴ്ച സ്പെയിനെ നേരിടും.
ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെയാണ് എന്‍സോ ഇന്‍സ്റ്റഗ്രാമില്‍ ചരിത്രം കുറിച്ചതായി രേഖപ്പെടുത്തിയത്. 'എല്ലാ മഹത്വവും ദൈവത്തിന്. അര്ജന്റീനക്കാരേ, ഇത് നിങ്ങള്‍ക്കുള്ളതാണ്. ഈ മത്സരം ജയിക്കാന്‍ നമ്മള് എല്ലാവരും ആഗ്രഹിച്ചിരുന്നു, നമ്മള് വീണ്ടും ചരിത്രം കുറിച്ചു. ഈ ക്ലാസിക് വിജയം ആഘോഷിക്കൂ. ഈ സംഘം പുതിയൊരു ഫൈനലിലാണ്, നമ്മള് വീണ്ടും ഒന്നിച്ച് എല്ലാത്തിനുമായി പോരാടാന്‍ ഇറങ്ങുകയാണ്. ന്യൂയോര്‍ക്കില്‍ കാണാം, -എന്‍സോ ഫെര്‍ണാണ്ടസ് കുറിച്ചു.
അര്‍ജന്റീനയുടെ തിരിച്ചുവരവില്‍ എന്‍സോ ഫെര്‍ണാണ്ടസ് നിര്‍ണായക പങ്കുവഹിച്ചു. ലയണല്‍ മെസ്സിയില്‍ നിന്ന് ലഭിച്ച പാസിലൂടെ 85-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയത് അദ്ദേഹമായിരുന്നു. പിന്നീട് ഇന്‍ജുറി ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീന വിജയം പൂര്‍ത്തിയാക്കി. ആദ്യം ലീഡ് നേടിയിട്ടും അത് നിലനിര്‍ത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. ലയണല്‍ മെസ്സിയാണ് മത്സരത്തിലെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചത്. ഫെര്‍ണാണ്ടസിന്റെ സമനില ഗോളിനും മാര്‍ട്ടിനസിന്റെ വിജയഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു.
ജൂലൈ 19-ന് ന്യൂയോര്‍ക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീന സ്പെയിനെ നേരിടും. 1966-ന് ശേഷം ആദ്യമായി ഫൈനലിലെത്താമെന്ന പ്രതീക്ഷകള്‍ തകര്‍ന്ന ഇംഗ്ലണ്ട്, മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫില്‍ ഫ്രാന്‍സിനെ നേരിടും.
content highlights: 'We made history again' - Enzo Fernandez celebrates Argentina's final entry