ഫുട്ബോള്‍ ലോകകപ്പില്‍ ഈജിപ്തിനെതിരായ ജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. ഈ ലോകകപ്പ് ഇതിഹാസത്തിന്റെ മൈതാനത്തെ മികവിനെ മാത്രമല്ല, ഫുട്ബോളിന് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ബെക്കാം പ്രശംസിച്ചു. ഇന്റര്‍ മയാമിയുടെ സഹ ഉടമയും പ്രസിഡന്റുമായ ബെക്കാം, ഫിഫ ലോകകപ്പ് പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന നാടകീയ വിജയം നേടിയതിന് ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സന്തോഷം പങ്കുവെച്ചത്. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറുകളിലൊന്നിലൂടെയാണ് മെസ്സിയെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബിലേക്ക് ബെക്കാം ഇടപെട്ട് എത്തിച്ചത്.
'ഇത് വളരെ സവിശേഷനായൊരു മനുഷ്യനാണ്. അദ്ദേഹം മൈതാനത്ത് ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് മാത്രമല്ല, അതിന് പുറത്ത് അദ്ദേഹം ആരാണെന്നത് കൊണ്ടുകൂടിയാണ് ഇത് പറയുന്നത്,' മെസ്സിയുടെ ചിത്രത്തോടൊപ്പം ബെക്കാം കുറിച്ചു. മറ്റൊരു സ്റ്റോറിയില്‍ അര്‍ജന്റീന സൂപ്പര്‍താരത്തിന്റെ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ട് 'കൂടുതലായി ഒന്നും പറയാനില്ല' എന്ന അടിക്കുറിപ്പും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നല്കി. ഇന്റര്‍ മയാമിയിലൂടെ മെസ്സിയും ബെക്കാമും തമ്മില്‍ അടുത്ത പ്രൊഫഷണല്‍ ബന്ധമാണുള്ളത്. മെസ്സിയെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിലും ഫ്രാഞ്ചൈസിയില്‍ ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്നതിലും ബെക്കാം പ്രധാന പങ്കുവഹിച്ചിരുന്നു.ഈജിപ്തിനെതിരെയുള്ള മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2-0 ന് പിന്നിലായ ശേഷമാണ് 3-2 ന് അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമിലൂടെ ഈജിപ്ത് ആദ്യം ലീഡ് നേടിയിരുന്നു. തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ മൊസ്തഫ ഷൊബീര്‍ മെസ്സിയുടെ പെനാല്‍റ്റി ഉള്‍പ്പെടെ തടഞ്ഞിട്ടുകൊണ്ട് അര്‍ജന്റീനയെ നിരാശപ്പെടുത്തി. 67-ാം മിനിറ്റില്‍ മൊസ്തഫ സിക്കോ കൂടി ഗോള്‍ നേടിയതോടെ അര്‍ജന്റീന പുറത്താകലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ 79-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ ഹെഡ്ഡറിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി. നാല് മിനിറ്റുകള്‍ക്ക് ശേഷം മെസ്സി അര്‍ജന്റീനയെ ഒപ്പമെത്തിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെ അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
ഈ ഗോളോടെ മെസ്സി തന്റെ ലോകകപ്പ് കരിയറില്‍ മറ്റൊരു ചരിത്രം കൂടി കുറിച്ചു. തുടര്‍ച്ചയായി 9 ഫിഫ ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി 39-കാരനായ മെസ്സി മാറി. ഈ ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ഗോള്‍ നേട്ടം എട്ടായി ഉയര്‍ന്നു. ഇത് ഒരു ലോകകപ്പ് എഡിഷനില്‍ മെസ്സി നേടുന്ന ഏറ്റവും ഉയര്‍ന്ന ഗോള്‍ സമ്പാദ്യമാണ്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ആകെ ഗോള്‍ നേട്ടം 21 ആയി ഉയര്‍ന്നു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ തുടര്‍ച്ചയായി 6 മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറി. കൂടാതെ 1930-ല്‍ ഒരൊറ്റ ലോകകപ്പില്‍ 8 ഗോളുകള്‍ നേടിയ ഗില്ലെര്‍മോ സ്റ്റാബിലിന്റെ റെക്കോഡിനൊപ്പവും മെസ്സി എത്തി.
content highlights: Messi is a 'special human'; David Beckham heaps praise