'ഫുട്‌ബോളിന്റെ വിശ്വാസ്യത കളയരുത്'; ബലോഗന്റെ സസ്‌പെൻഷൻ പിൻവലിച്ച ഫിഫയുടെ തീരുമാനത്തിനെതിരെ യുവേഫ

ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടായ്മയായ യുവേഫ

ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗൻ ലഭിച്ച റെഡ് കാർഡ് പിൻവലിക്കാൻ ഡൊണാൾഡ് ട്രംപ് ഇടപെട്ടത് വൻ വിവാദത്തിൽ.

ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടായ്മയായ യുവേഫ. ഫിഫയുടെ തീരുമാനം അഭൂതപൂർവവും മനസ്സിലാക്കാൻ കഴിയാത്തതും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നെന്നും റെഡ്‌ലൈൻ ലംഘിച്ചുവെന്നും യുവേഫ വിമർശിച്ചു.

'ഏതൊരു കായിക വിനോദത്തെയും പോലെ ഫുട്‌ബോളും നിയമങ്ങളെ ആശ്രയിച്ചിരിക്കുന്നു. കാരണം, ന്യായവും സത്യസന്ധവും സുതാര്യവുമായ മത്സരങ്ങളുടെ അടിസ്ഥാനമാണ് നിയമങ്ങൾ. ചിലപ്പോൾ നിയമങ്ങൾ വ്യാഖ്യാനത്തിന് വിധേയമാകാറുണ്ട്. എന്നാൽ, ഈ കാര്യത്തിൽ അങ്ങനെയായിരുന്നില്ല', യുവേഫ പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയ ബലോഗണിന്, റൗണ്ട്-ഓഫ്-32 മത്സരത്തിൽ ബോസ്‌നിയൻ പ്രതിരോധ താരത്തിന്റെ കാൽ ചവിട്ടിയതിനാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ഫിഫ നിയമപ്രകാരം, നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിക്കുന്ന താരത്തിന് ഒരു മത്സരത്തിൽ വിലക്ക് ഉണ്ടാകും. ഈ വിലക്ക് നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് നീട്ടിവെക്കുകയാണ് ഫിഫ ചെയ്തത്.

Content highlights: uefa criticizes fifa decision folarin balogun suspension overturned

To advertise here,contact us