ഫുട്ബോള്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി നോര്‍വേ സൂപ്പര്‍താരം ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി. നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ആണ് തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന് കാര്‍ലോ ആഞ്ചലോട്ടിയും മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാറസും വ്യക്തമാക്കി. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഹാളണ്ടിനെ തളയ്ക്കണമെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹാളണ്ടിന്റെ കളി മികവ് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ബ്രസീലിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി എന്താണെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ആഞ്ചലോട്ടി പറഞ്ഞത്.
'ഹാളണ്ടിനെക്കുറിച്ച് എല്ലാവര്ക്കും അറിയാം. അവന് എങ്ങനെയാണ് കളിക്കുന്നതെന്ന് എന്റെ ഡിഫന്‍ഡര്‍മാര്‍ക്ക് ഞാന്‍ വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അവര്‍ അവനെതിരെ പലതവണ കളിച്ചിട്ടുള്ളതുകൊണ്ട് എന്നേക്കാള്‍ നന്നായി അവര്‍ക്ക് അവനെ അറിയാം,' ആഞ്ചലോട്ടി പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി സ്ട്രൈക്കറായ ഹാളണ്ടിന്റെ കരുത്തിനെ നേരിടാന്‍ ബ്രസീല്‍ പ്രത്യേകമായി തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മത്സരത്തിനായി മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. തീര്‍ച്ചയായും ഹാളണ്ടിന്റെ സവിശേഷതകള്‍ ഞങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്, കാരണം അവന് വളരെ വളരെ അപകടകാരിയായ ഒരു ഫോര്‍വേഡാണ്.' -ആഞ്ചലോട്ടി പറഞ്ഞു. അതേസമയം, അപകടകരമായ മേഖലകളില്‍ ഹാളണ്ടിലേക്ക് പന്ത് എത്താതിരിക്കാനായിരിക്കും ബ്രസീല്‍ മുന്‍ഗണന നല്‍കുകയെന്ന് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാറസ് പറഞ്ഞു. 'പന്ത് അവനിലേക്ക് എത്താതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കണം. നമ്മള് ആക്രമിച്ചു കളിക്കുമ്പോഴും എപ്പോഴും ഒരാള്‍ അവന്റെ കൂടെത്തന്നെ ഉണ്ടായിരിക്കണം. അവന് ഒട്ടും സ്ഥലം അനുവദിക്കരുത്. കാരണം ഒരു പന്ത് കിട്ടിയാല്‍ പോലും മത്സരത്തിന്റെ ഗതി മാറ്റാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് നമുക്കറിയാം,' -ഗ്വിമാറസ് ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. നോര്‍വെ സെറ്റ്-പീസ് സാഹചര്യങ്ങള്‍ പരമാവധി മുതലാക്കാന്‍ ശ്രമിക്കുമെന്നും ആ ഭീഷണിയെ ചെറുക്കാന്‍ ബ്രസീല്‍ ഈ ആഴ്ച മുഴുവന്‍ പരിശീലനം നടത്തിയിട്ടുണ്ടെന്നും ഗ്വിമാറസ് പറഞ്ഞു. 'അവര്‍ ഞങ്ങളുടെ ബോക്സിലേക്ക് ധാരാളം പന്തുകള്‍ എത്തിക്കും. ഓരോ കോര്‍ണറിലും ഫ്രീകിക്കിലും ഗോള്‍ നേടാന്‍ അവര്‍ പരമാവധി ശ്രമിക്കും. അവരുടെ കരുത്തിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഈ ആഴ്ച ഒട്ടനവധി പരിശീലനം നടത്തിയിട്ടുണ്ട്. ഇത് വളരെ കഠിനമായ ഒരു മത്സരമായിരിക്കും,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ലക്ഷ്യമിട്ടാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ നോര്‍വെയെ നേരിടാന്‍ ഒരുങ്ങുന്നത്. നാളെ പുലര്‍ച്ചെ 1.30-നാണ് മത്സരം.
content highlights: Haaland is a threat' - Ancelotti on the superstar ahead of the match against Norway